24 May, 2020 03:45:50 PM
ജോസോ ജോസഫോ?; മുന്നണി തീരുമാനം വൈകുന്നതില്‍ സമ്മർദ തന്ത്രങ്ങളുമായി പി.ജെ ജോസഫ്
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗത്തോട് ഇടഞ്ഞ പി.ജെ. ജോസഫ് പ്രശ്നപരിഹാരമില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഡിഎഫിൽ നിലപാട് കടുപ്പിക്കുന്നു. രണ്ട് മാസമായിട്ടും പ്രശ്നപരിഹാരത്തിന് മുന്നണി ഇടപെടലുണ്ടാകാത്തതിലാണ് ജോസഫിന് അതൃപ്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അവസാന 6 മാസം പി.ജെ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലക്ക് നല്കാൻ ധാരണയായിരുന്നുവെന്നാണ് ജോസഫ് പറയുന്നത്. എന്നാൽ അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നാണ് ജോസ് കെ മാണി വാദിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്ന് മുന്നണി നേതൃത്വത്തോട് പിജെ ജോസഫ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
അവഗണന തുടര്‍ന്നാൽ തീരുമാനം എടുക്കാൻ മടിക്കരുതെന്ന പൊതുവികാരം ജോസഫിന് ഒപ്പമുള്ളവരും പ്രകടിപ്പിക്കുന്നു. ജോസ് വിഭാഗത്തോട് മൃദുസമീപനം തുടര്‍ന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന പിജെ ജോസഫിന്‍റെ നിലപാട് കോൺഗ്രസിനും വെല്ലുവിളിയാണ്. അനുനയത്തിനുളള ഫോർമുല കണ്ടെത്താൻ കോൺഗ്രസും തല പുകക്കുകയാണ്.
ഇതിനിടെ ഇടത്തോട്ട് ചാഞ്ഞ് പരസ്യനിലപാടെടുക്കാൻ മുതിരുന്ന പിജെ ജോസഫ് യുഡിഎഫിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയതും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലാം മുന്നണിക്കകത്ത് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കം കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് തന്നെയാണ് ജോസഫുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.