23 May, 2020 05:18:29 PM


കഞ്ചാവ് കടത്ത് പാഠപുസ്തകങ്ങളോടൊപ്പം; ഏറ്റുമാനൂരില്‍ രണ്ട് പേര്‍ പിടിയില്‍



ഏറ്റുമാനൂര്‍: സിബിഎസ്ഈ പാഠപുസ്തകങ്ങളോടൊപ്പം നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ട് പേരെ ഏറ്റുമാനൂരില്‍ എക്സൈസ് സംഘം പിടികൂടി. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ പ്രദീപിന്‍റെ മകന്‍ ആനന്ദ് (24) , വൈക്കം കല്ലറ പുതിയകല്ലുമടയില്‍ റജിമോന്‍റെ മകന്‍ അതുല്‍ (29) എന്നിവരാണ് എം.സി.റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനുസമീപം കഞ്ചാവുമായി പിടിയിലായത്. ബംഗളുരുവില്‍ നിന്നും ലോറിയില്‍ കൊണ്ടുവരികയായിരുന്ന സിബിഎസ്ഈ പാഠപുസ്തകങ്ങളോടൊപ്പം ഒളിപ്പിച്ചു കടത്തിയ 65 കിലോ കഞ്ചാവും കസ്റ്റഡിയില്‍ എടുത്തു. 


എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപം കൊടുത്തിട്ടുള്ള പ്രത്യേക സംഘം വാളയാര്‍ മുതല്‍ ലോറിയെ പിന്‍തുടര്‍ന്നാണ് ഏറ്റുമാനൂരില്‍ പിടികൂടിയത്. തിരുവനന്തപുരം നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോട്ടയം, ഏറ്റുമാനൂര്‍ ഭാഗത്തെ ലഹരിമാഫിയായ്ക്കായി സ്ഥിരമായി ലോറിയില്‍ കഞ്ചാവ് എത്തിച്ചുവരികയായിരുന്നു ഇവര്‍. ആനന്ദിന്‍റേതാണ് ലോറി. കോട്ടയം ഇല്ലിക്കല്‍ ഭാഗത്ത് അരുണ്‍ഗോപന്‍ എന്ന വ്യക്തിക്ക് എത്തിക്കാനുള്ള കഞ്ചാവാണിതെന്ന് പിടിയിലായ യുവാക്കള്‍ പറയുന്നു. ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തെ ആക്രമിച്ചവരുൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവരാണത്രേ.



ആന്ധ്രയില്‍നിന്നാണ് കഞ്ചാവ് സ്ഥിരമായി എത്തിക്കുന്നത്. ബംഗളുരുവിൽ കൊണ്ടുവരുന്ന കഞ്ചാവ് അവിടെനിന്നും എറണാകുളം ഇടപ്പള്ളിയിലേക്ക് പാഠപുസ്തകങ്ങളുമായി പോകുന്ന ലോറിയില്‍ കയറ്റി ആനന്ദും അതുലും കോട്ടയത്തെത്തിക്കുകയാണ് പതിവ്. പഴക്കുലകളുമായി എത്തിയ ലോറിയിലാണ് ഇക്കുറി കഞ്ചാവ് ബംഗളുരു യലഹങ്ക വരെ എത്തിച്ചത്. അവിടെ നിന്നും പതിവുപോലെ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച് ലോറിയിൽ കൊണ്ടുപോരികയായിരുന്നു. പാഠപുസ്തകം എറണാകുളത്ത് ഇറക്കും മുമ്പ് കഞ്ചാവ് കോട്ടയത്തെത്തിച്ച് തിരികെപോകുകയാണ് ഇവർ ചെയ്തിരുന്നത്. ഇതിന് മുമ്പ് നാല്‍പത് കിലോ കഞ്ചാവ് ഇതുപോലെ ഇവര്‍ കോട്ടയത്ത് എത്തിച്ചിരുന്നു.


മുമ്പ് മൈസൂര്‍ വഴിയാണ് കഞ്ചാവ് അതിര്‍ത്തികടത്തി കൊണ്ടുവന്നത്. ഇത്തവണ വാളയാര്‍ വഴിയും. ആന്ധ്രയില്‍നിന്ന് പലവഴികളിലായാണ് കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. ഏതാനും നാള്‍ മുമ്പ് ഇതുപോലെ തണ്ണിമത്തന്‍ ലോറിയില്‍ കട്ടികൊണ്ടുവന്ന കഞ്ചാവ് തങ്ങള്‍ പിടികൂടിയിരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനികുമാര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ എക്സൈസ് സംഘത്തിനുപുറമെ സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.7K