19 May, 2020 01:53:42 PM
28 ജീവനക്കാർക്ക് കോവിഡ്: സീ ന്യൂസ് ബ്യൂറോയും സ്റ്റുഡിയോയും പൂട്ടി
ദില്ലി: 28 ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് സീ ന്യൂസിന്‍റെ ദില്ലി ബ്യൂറോയും സ്റ്റുഡിയോയും താൽക്കാലികമായി അടച്ചുപൂട്ടി. മെയ് 15നാണ് സീ ന്യൂസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ മറ്റ് ജീവനക്കാരെയും പരിശോധനക്ക് വിധേയരാക്കി. ഇതിൽ 27 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. അവരില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നുവെന്നും സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്ന് സുധിര്‍ ചൗധരി വ്യക്തമാക്കി. പ്രോട്ടോകാേളും ആരോഗ്യപ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങളും പാലിച്ചാണ് സീ ന്യൂസ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നതെന്നും അണുവിമുകത്മാക്കുന്നതിൻെറ ഭാഗമായി ഓഫിസ്, ന്യൂസ് റൂം, സ്റ്റുഡിയോ എന്നിവ അടച്ചുപൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് വിഭാഗം താൽക്കാലികമായി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
നിലവിൽ 2500ലധികം ജീവനക്കാരാണ് സീ മീഡിയ കോർപറേഷന് കീഴിൽ ജോലി ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചാനലിന് നേരെ കല്ലെറിയുന്നവർക്ക് ചൗധരി നേരത്തെ മറുപടിപറഞ്ഞിരുന്നു. 'രോഗബാധിതർക്ക് വീട്ടിലിരുന്ന് മീമുകൾ പങ്കുവെക്കാനുള്ള സൗകര്യമുണ്ട്. അർപ്പണബോധമുള്ള പ്രഫഷനലുകളായതിനാലാണവർ ജോലിക്കെത്തിയത്' ചൗധരി ട്വീറ്റ് ചെയ്തു. എന്നാൽ ട്വീറ്റിൻെറ ചുവടുപിടിച്ച് രോഗംബാധിച്ച ജീവനക്കാർ ഇപ്പോഴും ജോലിക്കെത്തുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക ആക്ഷേപമുയർന്നിരുന്നു. തൻെറ ട്വീറ്റ് വളച്ചൊടിച്ച് ചിലർ പ്രചാരണം നടത്തുകയാണെന്ന് ചൗധരി ആരോപിച്ചു.
രോഗബാധിതർ ആരും തന്നെ ജോലിക്കെത്തുന്നില്ലെന്നും കോവിഡ് പരിശോധന പോസിറ്റീവായ അന്നുതന്നെ എല്ലാവരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് നിരവധി മാധ്യമപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 26ന് ചെന്നൈ ആസ്ഥാനമായ തമിഴ് വാർത്ത ചാനലിലെ 50 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. അതിന് മുമ്പ് മുംബൈയിൽ 170 മാധ്യമപ്രവർത്തകരുടെ സാംപിൾ പരിശോധിച്ചപ്പോൾ 50 പേർക്കായിരുന്നു രോഗബാധ. മെയ് ഏഴിനാണ് യു.പിയിലെ ആഗ്രയിൽ മാധ്യപ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചത്.