18 May, 2020 11:48:02 AM
സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും; മൊബൈൽ ആപ് വഴി ടോക്കൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷമാണ് മദ്യം നൽകുക. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ.
ടോക്കണ്‍ എടുക്കാന്‍ ആധാര്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണമെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എന്നാല്‍ വ്യക്തി വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ പരീക്ഷണപ്രവര്‍ത്തനം നടത്തും. വിജയകരമായാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനായി പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യാനാവു. ടോക്കണിനുള്ള ആപിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഫെയര്‍കോഡ് കമ്പനിയുമായി ബവ്റിജസ് കോര്‍പറേഷനും എക്സൈസ് അധികൃതരും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്.