17 May, 2020 09:10:10 AM
തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്; 22 പേർ ക്വാറന്‍റീനിൽ
ഹൈദരാബാദ്: തട്ടിക്കൊണ്ടു പോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്. ഹൈദരാബാദിലെ തെരുവിൽ നിന്ന് തട്ടികൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം സ്ഥിരം മദ്യപാനിയായ മാതാവിന് സംരക്ഷിക്കാനാവില്ലെന്ന് കണ്ട് പൊലീസ് ശിശുക്ഷേമ വകുപ്പിന് കൈമാറി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.
കുഞ്ഞുമായി ഇടപഴകിയ മാതാവും മാധ്യമപ്രവർത്തകരും പൊലീസും തട്ടികൊണ്ടുപോയ യുവാവും ഉൾപ്പെടെ 22 പേരെ ക്വാറന്‍റീനിലാക്കി. ബുധനാഴ്ചയാണ് തെരുവിൽ ഉറങ്ങിക്കിടക്കുമ്പാേൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് 22കാരിയാണ് പൊലീസിന് പരാതി നൽകിയത്. യുവതി മദ്യലഹരിയിലായിരുന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 27കാരനായ ഇബ്രാഹിം എന്നയാളാണ് പ്രതി. തനിക്കു പിറന്ന ആൺമക്കളെല്ലാം രോഗംമൂലം മരിച്ചു പോയെന്നും, ഒരു ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം കൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും ഇബ്രാഹിം പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ പഴം നൽകി പ്രലോഭിച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.