16 May, 2020 08:22:43 PM
മദ്യവും മദ്യശാലകളും വീട്ടിലിരുന്ന് തെരഞ്ഞെടുക്കാം; ആപ് രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: മദ്യശാലകളും ബ്രാന്‍ഡും വീട്ടിലിരുന്ന് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ മദ്യവിതരണത്തിനുള്ള ആപ് രണ്ട് ദിവസത്തിനകം റഡിയാകും. ആപ് നിർമിക്കാൻ ബവ്കോ തിരഞ്ഞെടുത്ത എറണാകുളത്തെ സ്റ്റാർട്ട് അപ് കമ്പനി ഈ വിവരം സർക്കാരിനെ അറിയിച്ചു. ബിവറേജസ് കോർപറേഷൻ എംഡിയുമായി ശനിയാഴ്ച നടത്തിയ ചർച്ചയിൽ ആപ്പിൽ ഉണ്ടാകേണ്ട സൗകര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തു.
ആപ് നിർമാണം പൂർത്തിയായ ശേഷം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബാറുകളിലും ബിയർ വൈൻ പാർലറുകളിലും ആരംഭിക്കുന്ന പ്രത്യേക കൗണ്ടറുകളും ഇതോടൊപ്പം തുറന്നേക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവു മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ.
വെർച്വൽ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ മദ്യം വിതരണം ചെയ്യുന്നതിന് ബാർ, ബിയർ വൈൻ പാർലറുകളിൽനിന്ന് ബവ്കോ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മദ്യത്തിന്‍റെ വിതരണം സംബന്ധിച്ച വിവരങ്ങളുടെ മാതൃക ബവ്കോ സൈറ്റിൽ ഉൾപ്പെടുത്തും. ഈ വിവരങ്ങൾ പൂരിപ്പിച്ച് ബവ്കോയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ (ksbcdata@gmail.com) അറിയിക്കണം. ബാറുകളിലും ബിയർ വൈൻ പാർലറുകളിലും പാഴ്സൽ വിൽപന പരിമിതമായ കാലത്തേക്കു മാത്രമായിരിക്കും.
മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്.