16 May, 2020 08:20:34 PM


അറസ്റ്റ് പരമാവധി ഒഴിവാക്കും; പൊലീസ് ‍‍സ്റ്റേഷനിൽ ഇനി ഡ്യൂട്ടിയിൽ പകുതി പേർ



തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് സേനയിലെ എല്ലാ യൂണിറ്റുകളിലും ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം ബാക്കിയുള്ളവര്‍ക്ക് ഡ്യൂട്ടി വിശ്രമം നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്കു ശേഷം ഏഴു ദിവസത്തെ റെസ്റ്റ് അനുവദിക്കണം. ഇത്തരത്തില്‍ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ക്ക് നിർദേശം നല്‍കും. നിർദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും. 


ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാ ദിവസവും വൈകുന്നേരം അക്കാര്യം പൊലീസുദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പൊലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോള്‍ വിഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേയ്ക്ക് പോകണം. സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദര്‍ശിക്കാന്‍ പാടില്ല. 


മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്എംഎസ്, വാട്സാപ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. പൊലീസ് സ്റ്റേഷനുകളില്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം. പരേഡ്, റോള്‍കാള്‍, ഷിഫ്റ്റ് മാറ്റം, ക്ലാസുകള്‍ എന്നിങ്ങനെ ഉദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം. തിരക്കേറിയ ജംക്‌ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളില്‍ പരമാവധി കുറച്ച് ആള്‍ക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.


അറസ്റ്റിന്‍റെ കാര്യത്തിലും നിയന്ത്രണമുണ്ട്. ജാമ്യം കിട്ടുന്ന വകുപ്പാണെങ്കിൽ അറസ്റ്റ് പരമാവധി ഒഴിവാക്കും. അറസ്റ്റ് ചെയ്യാൻ പോകുന്ന ഉദ്യോഗസ്ഥർ മാസ്കും ഗ്ലാസും ധരിക്കുകയും സാനിറ്റൈസർ കരുതുകയും വേണം. അറസ്റ്റു ചെയ്യുന്ന ആളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഒരു മീറ്റർ അകലം പാലിച്ച് സീറ്റ് ക്രമീകരിക്കണം. അറസ്റ്റു ചെയ്യപ്പെടുന്നയാളും മാസ്കും ഗ്ലൗസും ധരിക്കണം. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി ശരീര ഊഷ്മാവ് പരിശോധിക്കണം. പൊലീസ് വാഹനം അണുവിമുക്തമാക്കണം. ഇന്‍റലിജൻസ് റിപ്പോർട്ടോ, ലഹരിമരുന്നു കടത്തുന്നതായി റിപ്പോർട്ടോ ഉണ്ടെങ്കിൽ മാത്രമേ വാഹനം പരിശോധിക്കാവൂ.


വാഹനം പരിശോധിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. വാഹന രേഖകൾക്കുള്ള സ്ഥിരം പരിശോധനകൾ ഒഴിവാക്കണം.  ഓൺലൈൻ വഴി പരാതി ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഓൺലൈൻ വഴി ലഭിക്കുന്ന പരാതികൾക്ക് മുൻഗണന നൽകണം. വിഡിയോ കോൺഫറൻസിങ്ങിലൂടെയോ വിഡിയോ കോളിലൂടെയോ മൊഴി രേഖപ്പെടുത്തണം. പെറ്റീഷന്‍റെ ഭാഗമായി സമർപ്പിക്കുന്ന രേഖകൾ ഇമെയിൽ വഴിയോ വാട്സാപ് വഴിയോ നൽകാൻ നിർദേശിക്കണം.


എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കണം. ഫീല്‍ഡ് ജോലിയില്‍ ആയിരിക്കുമ്പോള്‍ റബ്ബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്സ് ഷീല്‍ഡ് ധരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമില്ല. മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡില്‍ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ അറിവുണ്ടായിരിക്കണം. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K