16 May, 2020 03:52:47 AM
നിർദേശങ്ങൾ ലംഘിച്ച് ശവസംസ്കാരം: ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് നടത്തിയ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. എഴുപതോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്. മരണാനന്തര ചടങ്ങുകളിൽ ഏറ്റവും കൂടുതൽ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവു എന്നാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
മെയ് എട്ടിനാണ് കോവിഡ് ലക്ഷണങ്ങളോടെ അമ്പതു വയസുകാരൻ മരിച്ചത്. ഇദ്ദേഹത്തിന് അടുത്ത ദിവസമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇയാളുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണ് ആശുപത്രി അധികൃതർ കുടുംബത്തിന് കൈമാറിയത്. പ്ലാസ്റ്റിക് ഷീറ്റ് മാറ്റരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൃതദേഹം സ്വീകരിച്ച കുടുംബം വീട്ടിലെത്തി പ്ലാസ്റ്റിക് ഷീറ്റ് മാറ്റി.
പിന്നീട് മൃതദേഹം കുളിപ്പിക്കുകയും മതപരമായ ചടങ്ങുകൾ നടത്തുകയും ചെയ്തു. ശവസംസ്കാര ചടങ്ങിൽ എഴുപതോളം പേരാണ് പങ്കെടുത്തത്. സംഭവം അറിഞ്ഞ അധികൃതർ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്തി പരിശോധിക്കുകയായിരുന്നു. ഇതിലാണ് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ് കണ്ടെത്തിയത്. മറ്റുള്ളവരുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ ലഭ്യമാകും