15 May, 2020 10:12:40 PM
മൊബൈൽ ഫോണുകള്‍ കൊറോണാ വാഹകര്‍; ഉപയോഗം ഒഴിവാക്കണം - എയിംസ് ഡോക്ടര്‍മാര്‍
റായ്പുർ: മൊബൈൽ ഫോണുകൾ കൊറോണ വൈറസ് വാഹകരായേക്കാമെന്നും അതിനാൽ ആശുപത്രികളിലെ ഫോൺ ഉപയോഗം പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകർ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും റായ്പുര്‍ എയിംസിലെ ഒരു കൂട്ടം ഡോക്ടർമാർ. ഫോണില്‍ വൈറസ് സാന്നിധ്യം ഉണ്ടായാൽ അത് നേരിട്ട് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പലരും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാറില്ലെന്നും ഈ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളിൽ മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാർ പറയുന്നു.
മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും, മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കാനും ടെലിമെഡിസിന്‍ ആവശ്യങ്ങള്‍ തുടങ്ങി ആരോഗ്യകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വൈറസ് വ്യാപനസാധ്യത കൂടുമെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും പറയുന്നു.