15 May, 2020 09:51:20 PM
ബാംഗ്ലൂരില്‍നിന്ന് കോട്ടയത്ത് എത്തിയ യുവാക്കള്‍ക്കും ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കും
കോട്ടയം: ബാംഗ്ലൂരില്‍നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോട്ടയം നഗരത്തില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവര്‍ക്കുമെതിരെ കേസെടുക്കും. കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസില്‍ എത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്‍ (20) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് നിര്‍ദേശം നല്‍കിയത്.
നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് യുവാക്കള്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവര്‍ ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലും എത്തി.
പോലീസ് ഉദ്യോഗസ്ഥര്‍ വിശദ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കര്‍ണാടകത്തില്‍നിന്ന് എത്തിയതാണെന്നറിഞ്ഞതോടെ ഇരുവരെയും ഉടന്‍തന്നെ അതിരമ്പുഴയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു. ഇവരെ കോട്ടയത്ത് ഇറക്കിയ ബസ് പിറവം പോലീസ് പിടികൂടി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ പൊതു സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കി ക്വാറന്‍റയിനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുക്കുക.