15 May, 2020 11:20:28 AM
ബാറുകളിലെ മദ്യം കാണാനില്ല! കണ്ടെത്താന്‍ കണക്കെടുപ്പുമായി എക്‌സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ പല ബാറുകളിലും അനധികൃത മദ്യ വില്‍പ്പന നടന്നതായി സൂചന. ബാറുകളില്‍ സൂക്ഷിച്ച മദ്യത്തിന്റെ അളവില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണില്‍ അനധികൃത മദ്യവില്‍പ്പന നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരോട് ബാറുകളിലെ മദ്യത്തിന്റെ കണക്കെടുപ്പ് നടത്താന്‍ എക്‌സൈസ് കമ്മീഷണര്‍ എസ്. അനന്ദകൃഷ്ണന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഈ കണക്കെടുപ്പില്‍ കൃത്യമായ വിവരങ്ങള്‍ ബാറുകളില്‍ നിന്ന് ലഭിച്ചില്ലെന്നാണ് സൂചന. ഇതിനിടെ, സ്റ്റോക്കില്‍ കുറവില്ലെന്ന് കാണിക്കാന്‍ കൃത്രിമങ്ങള്‍ നടന്നതായും സംശയിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയത്. അന്ന് തന്നെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റോക്കുള്ള മദ്യത്തിന്റെ കണക്കും രേഖപ്പെടുത്തിയിരുന്നു.