14 May, 2020 09:55:33 PM
ദില്ലിയിൽനിന്നും ആദ്യ ട്രയിന്‍ കോഴിക്കോട് എത്തി; എറണാകുളത്ത് ഇറങ്ങുക 269 യാത്രക്കാർ
കൊച്ചി: ദില്ലിയിൽനിന്നുമുള്ള ആദ്യ കോവിഡ് കാല രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) കേരളത്തിലെത്തി. സംസ്ഥാനത്തെ ആദ്യ സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ രാത്രി 10 മണിക്കാണ് ട്രെയിൻ എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 1.40ന് എറണാകുളം സൗത്ത് ജംക്‌ഷനിലും 5.25നു തിരുവനന്തപുരത്തും എത്തിച്ചേരും. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ട്.
എറണാകുളത്ത് 269 യാത്രക്കാർ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിൽ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനിൽ കൂടുതലായി ഇറങ്ങുന്നത്. ദില്ലിയിൽ നിന്ന് ഇന്നലെയാണ് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടത്. കേരളത്തില്‍ കോവിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും യാത്രക്കാരിൽ ഉൾപെടുന്നുണ്ട്. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: എറണാകുളം (38), കോട്ടയം (25), ഇടുക്കി (6), ആലപ്പുഴ (14), പത്തനംതിട്ട (24), തൃശൂർ (27), പാലക്കാട് (11), മലപ്പുറം (12), പോകേണ്ട ജില്ല വ്യക്തമാകാത്തവർ (110).
യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള യാത്രക്കാർക്കായാണ് ബസുകൾ നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് അധിക ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിക്കൂ. രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇവരെ പ്രത്യേക ഗേറ്റിൽ കൂടിയാവും പുറത്തേക്ക് എത്തിക്കുന്നത്