14 May, 2020 02:08:52 PM
കള്ളുഷാപ്പുകള്‍ക്കു മുന്നില്‍ നീണ്ട ക്യു; കോവിഡ് നിയന്ത്രണങ്ങള്‍ തകിടം മറിയുന്നു
കോട്ടയം: കള്ള്ഷാപ്പുകള്‍ക്ക് മുന്നില്‍ മദ്യപാനികളുടെ നീണ്ട നിര. കൊറോണാ വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൌണിനെ തുടര്‍ന്ന് വിദേശമദ്യം കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ കള്ള് ഷാപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ അഭൂതപൂര്‍വ്വമായ തിരക്കാണ് ഓരോ ഷാപ്പിനു മുന്നിലും കാണപ്പെടുന്നത്. ഇരുന്ന് കഴിക്കുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ പാഴ്സല്‍ വാങ്ങാന്‍ കുപ്പിയും പാത്രങ്ങളുമായാണ് ആളുകള്‍ ക്യു നില്‍ക്കുന്നത്. വരി നില്‍ക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതു തുടങ്ങിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നതും പ്രശ്നമായിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ അറുന്നോറോളം ഷാപ്പുകളാണ് ഉള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തനസമയം. പാലക്കാട് നിന്നാണ് ഈ ഷാപ്പുകളിലേക്ക് തെങ്ങിന്‍കള്ള് എത്തുന്നത്. പ്രാദേശികമായി ചെത്തുന്ന പനംകള്ളും ഏതാനും ഷാപ്പുകളില്‍ ലഭിക്കുന്നുണ്ട്. ലോക്ഡൌണിനെ തുടര്‍ന്ന് തെങ്ങിന്‍കള്ളിന്‍റെ ഉത്പാദനം കുറഞ്ഞതോടെ ഷാപ്പുകളില്‍ എത്തുന്ന കള്ളിന്‍റെ അളവ് ഗണ്യമായി കുറഞ്ഞതും പ്രശ്നമായിട്ടുണ്ട്.
കുറഞ്ഞത് 250 ലിറ്റര്‍ കള്ള് എങ്കിലും വേണ്ടിടത്ത് ഇപ്പോള്‍ പരമാവധി 100 ലിറ്റര്‍ കള്ളാണ് ഷാപ്പുകളില്‍ എത്തുന്നത്. അതും എത്തുന്നത് 10 മണി കഴിഞ്ഞ്. വാങ്ങാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഒരു മണിക്കൂര്‍ കൊണ്ട് കള്ള് തീരുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളാണ് പരമാവധി നല്‍കാവുന്നത്. 100 ലിറ്റര്‍ കള്ള് വന്നാല്‍ 70 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊടുക്കാനാവുന്നില്ല. ആവശ്യത്തിന് കള്ള് വരുന്നില്ലാത്തതിനാല്‍ പൊരിവെയിലില്‍ ക്യൂ നിന്ന് ഷാപ്പിലെത്തുന്ന പലരും നിരാശരായി മടങ്ങുന്ന കാഴ്ചയും പലയിടത്തും കാണാം.
പാലക്കാട് തോട്ടങ്ങളില്‍ കള്ള് ചെത്താന്‍ തൊഴിലാളികള്‍ കുറഞ്ഞതാണ് കള്ളിന്‍റെ ഉത്പാദനം കുറയാന്‍ കാരണമായത്. സിംഹഭാഗവും കോട്ടയം ജില്ലക്കാരായ യൂണിയന്‍ തൊഴിലാളികളാണ് കള്ള് ചെത്തികൊണ്ടിരുന്നത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ചെത്ത് നിര്‍ത്തി ഇവര്‍ വീടുകളിലേക്ക് തിരികെ പോന്നിരുന്നു. 17ന് ശേഷം ഇവര്‍ ചെന്നാലേ കള്ളുചെത്ത് പഴയനിലയിലേക്ക് എത്തിതുടങ്ങു. ഇപ്പോള്‍ പ്രദേശവാസികളായ താത്ക്കാലിക തൊഴിലാളികള്‍ ചെത്തുന്ന കള്ളാണ് കോട്ടയത്തേക്കും സമീപജില്ലകളിലേക്കും കയറ്റി വിടുന്നത്.