14 May, 2020 01:23:39 PM
വീട്ടിലിരുന്ന് ജോലി ചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനകാരുടെ ശമ്പളം കുറയ്ക്കാൻ ശുപാർശ
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് സെക്രട്ടേറിയറ്റ് ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം കുറയ്ക്കണമെന്ന് ധനവകുപ്പ് മേധാവിക്ക് പൊതുഭരണസെക്രട്ടറി ശുപാർശ നൽകി. എന്നാൽ, നടപടിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് സെക്രട്ടേറിയറ്റിൽ ഗ്രൂപ്പ് എ, ബി വിഭാഗം ജീവനക്കാരിൽ 50 ശതമാനവും മറ്റുദ്യോഗസ്ഥരുടെ 33 ശതമാനവും ജോലിക്ക് ഹാജരാകണമെന്നായിരുന്നു സർക്കാർ ഉത്തരവ്. മറ്റുള്ളവർക്ക് ഇ-ഓഫീസ് എന്ന പോർട്ടലിലൂടെ വീട്ടിലിരുന്ന് ജോലിചെയ്യാമായിരുന്നു.
ഇ-ഓഫീസിൽ ലോഗിൻ ചെയ്താൽ വീട്ടിലിരുന്ന് ജോലിചെയ്തതായി കണക്കാക്കാം. എത്ര ഫയൽ നോക്കിയെന്നും മനസ്സിലാക്കാം. അങ്ങനെ ലോഗിൻ ചെയ്യാത്ത ദിനങ്ങൾക്ക് ശമ്പളം കുറയ്ക്കാനാണ് പൊതുഭരണസെക്രട്ടറി കെ.ആർ. ജ്യോതിലാൽ നിർദേശിച്ചത്. ഗതാഗതസൗകര്യമില്ലാത്തുകൊണ്ടാണ് ജോലിക്കെത്താൻ മാര്‍ഗ്ഗമില്ലായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. ഇ-ഓഫീസിൽ ലോഗിൻ ചെയ്യാൻ സൗകര്യമില്ലാത്തവരും ഏറെയുണ്ട്. സർക്കാർ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം ഇപ്പോൾ പിടിക്കുന്നുണ്ട്. അതിനുപുറമേ ശമ്പളം പിടിക്കാൻ വേറെയും മാർഗങ്ങൾ തേടുന്നുവെന്നാണ് ജീവനക്കാരുടെ ആരോപണം. ഈ നീക്കത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്.