14 May, 2020 12:48:42 PM
മുഴുവന്‍ കടവും വീട്ടാം: സ്വത്തുക്കള്‍ തിരിച്ചുനല്‍കി കേസുകള്‍ അവസാനിപ്പിക്കണം - വിജയ് മല്ല്യ
ലണ്ടന്‍: തന്‍റെ പേരിലുള്ള മുഴുവന്‍ കടബാദ്ധ്യതകളും തീര്‍ക്കാന്‍ തയ്യാറെന്നും തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കിംഗ്ഫിഷര്‍ ഗ്രൂപ്പ് മേധാവി വിജയ് മല്ല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവച്ചതിനൊപ്പമാണ് തനിക്കെതിരായ മല്ല്യ തന്‍റെ ആവശ്യം ഉന്നയിച്ചത്.
സാമ്പത്തിക പാക്കേജിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറന്‍സി അച്ചടിക്കാന്‍ അധികാരമുള്ള സര്‍ക്കാര്‍ തന്‍റെ വാഗ്ദാനം സ്വീകരിക്കണം. തന്നെപ്പോലെ ഒരു ചെറു സംരംഭകന്‍റെ ബാങ്ക് വായ്പകള്‍ സ്വീകരിച്ച് നിയമ നടപടികള്‍ അവസാനിപ്പിക്കണം. കണ്ടു കെട്ടിയ സ്വത്തുകള്‍ വിട്ടു തരണം. ഇക്കാര്യം വ്യക്തമാക്കി താന്‍ ബാങ്കുകളേയും എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനേയും സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല - മല്ല്യ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 9000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പില്‍ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് മല്ല്യ രാജ്യം വിട്ടത്. ബ്രിട്ടനിലുള്ള അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമം തുടരുകയാണ്.