13 May, 2020 02:38:54 PM
നാട്ടിലേക്ക് മടങ്ങിയ യുവതി വഴിയരികില്‍ പ്രസവിച്ചു; പ്രസവശേഷം നടന്നത് 150 കിലോമീറ്റര്‍
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഭര്‍ത്താവിനൊപ്പം മധ്യപ്രദേശിലെ സത്‌നയിലേക്ക് നടന്നുപോയ യുവതി വഴിയരികില്‍ പ്രസവിച്ചു. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ഇവരും യാത്ര ആരംഭിച്ചത്. എന്നാല്‍, ഇന്നലെ വഴിയില്‍ വച്ച് യുവതിക്ക് വേദന ആരംഭിക്കുകയും വഴിയരികില്‍ പ്രസവിക്കുകയുമായിരുന്നു.
കൈക്കുഞ്ഞുമായി ഇവര്‍ പിന്നീട് നടന്നതാകട്ടെ 150 കിലോമീറ്ററും. പ്രസവശേഷം രണ്ട് മണിക്കൂര്‍ യുവതി വഴിയരികില്‍ വിശ്രമിച്ചു. തുടര്‍ന്ന് വീണ്ടും നടന്നു. എന്നാല്‍, ഇവര്‍ പിന്നീട് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി സത്‌നയിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ലോക്ക്ഡൗണില്‍ പലരുടെയും ജീവന്‍ പോലും ഇത്തരത്തില്‍ നഷ്ടമാകുന്ന ഒരു കാഴ്ചയാണ് കാണുന്നത്. എങ്ങനെയെങ്കിലും സ്വന്തം വീടുകളില്‍ എത്താനാണ് ആളുകള്‍ ശ്രമിക്കുന്നത്. ജോലി പോയതിനെ തുടര്‍ന്നാണ് ഭൂരിഭാഗം ആളുകളും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്.