12 May, 2020 11:00:33 PM


സർക്കാർ ഓഫീസുകളിലേക്ക് ഇരട്ടി നിരക്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും



തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവ് നൽകിയതോടുകൂടി സർക്കാർ ഓഫീസുകളിൽ എ, ബി വിഭാഗം ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി വിഭാഗം ജീവനക്കാരുടെ 33 ശതമാനവും ഹാജരാകണമെന്ന് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ പൊതുഗതാഗതം പൂർണ്ണതോതിൽ ആരംഭിച്ചിട്ടില്ലാത്തതിനാൽ ജീവനക്കാർക്ക് ജോലിക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.


ഇത് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുകയും, അതിന്‍റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് അനുവദിച്ചത് പോലെ പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങൾ, കളക്ടറേറ്റുകൾ, സിവിൽ സ്റ്റേഷനുകൾ, ഹൈക്കോടതി തുടങ്ങിയ സ്ഥലങ്ങളിൽ ജീവനക്കാർക്ക് ജോലിക്ക് എത്തിച്ചേരുവാനും തിരിച്ചു പോകുവാനുമായി ഓരോ റൂട്ടിലേക്കും നിലവിലുള്ള ടിക്കറ്റ് ചാർജിന്‍റെ ഇരട്ടി നിരക്കിൽ സർവീസ് നടത്തുവാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുമതി നൽകി.


ഇതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ റൂട്ടും, എണ്ണവും ചിട്ടപ്പെടുത്തി തൊട്ടടുത്ത കെ.എസ്.ആർ.ടി.സി. യൂണിറ്റ് അധികാരികളുമായി ബന്ധപ്പെട്ടാൽ ആ റൂട്ടുകളിൽ സർക്കാർ നിശ്ചയിച്ചപ്രകാരം ഇരട്ടി നിരക്കിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവീസുകൾ ഓപ്പറേറ്റ് ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K