12 May, 2020 07:54:51 PM
ലോക്ഡൗൺ തുടരും; പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ്- പ്രധാനമന്ത്രി
ദില്ലി: ഒരു വൈറസ് ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ തോല്‍ക്കാനോ പേടിച്ച് പിന്മാറാനോ നമുക്ക് ആവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോക്ഡൗണിന്‍റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കോവിഡ് 19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ലോകം മുഴുവൻ പ്രതിസന്ധിയിൽ ആണെന്നും അതിനെ അതിജീവിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഉടനൊന്നും മാറില്ല. ലോക്ഡൗൺ തുടരും. ലോക്ഡൗൺ നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കും. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മേയ് 17നാണ് രാജ്യത്ത് മൂന്നാം ഘട്ട ലോക്ഡൗൺ അവസാനിക്കുന്നത്.
വെല്ലുവിളി അവസരമാക്കാനുള്ള സമയമാണിത്. രാജ്യത്തെ സ്വയംപര്യാപ്തമാക്കണം. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെകുറിച്ചുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറിയെന്നും മോദി ചൂണ്ടികാട്ടി.
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വൻ ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി പ്രഖ്യാപിക്കും.
ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എൻ 95 മാസ്കുകൾ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാലിന്ന് ദിനംപ്രതി രണ്ട് ലക്ഷം എന്‍ 95 മാസ്കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മ്മാണം ഇന്ത്യയില്‍ നടക്കുന്നു. രാജ്യം കോവിഡിൽനിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.