12 May, 2020 05:37:53 PM


ജില്ലയ്ക്കകത്ത് പൊതുഗതാഗതവും മെട്രോയും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും




തിരുവനന്തപുരം: ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശപ്പെടും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത തലയോഗത്തിലാണ് നിർദേശം ഉയർന്നത്. സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയിൽ ഹോട്ടലുകൾ തുറക്കണമെന്നും ആവശ്യപ്പെടും. നിർദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്രത്തിന് സമർപ്പിക്കേണ്ട പട്ടിക കേരളം തയ്യാറാക്കി.


ഇന്നലത്തെ പ്രധാനമന്ത്രിയുടെ യോഗത്തിൽ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ അറിയിച്ചിരുന്നു. ഇതു കൂടാതെ, കേരളത്തിന്‍റെ പ്രാദേശികമായ കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്തു. കൊച്ചി മെട്രോയും സർവീസ് തുടങ്ങണമെന്നാണ് നിലപാട്. ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച നിലയ്ക്ക് സാമൂഹിക അകലവും കൊവിഡ് 19 നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് സർവീസ് നടത്താമെന്നാണ് കൊച്ചി മെട്രോ അധികൃതർ നൽകുന്ന സൂചന.


സാമൂഹിക അകലം പാലിച്ചു കൊണ്ട് (നാലു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിൽ) ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുവാദം നൽകണം, ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണം, സംസ്ഥാനത്തിന് അകത്ത് ട്രെയിൻ ഗതാഗതത്തിനുള്ള അനുവാദം, മെട്രോ ട്രെയിൻ പ്രവർത്തിപ്പിക്കാനും ഓട്ടോറിക്ഷകൾ ഓടാൻ അനുവാദം നൽകണം എന്നീ ആവശ്യങ്ങളും കേരളം ഉന്നയിക്കുന്നുണ്ട്. ഇന്നലത്തെ യോഗത്തിൽ മുഖ്യമന്ത്രി ഉന്നയിച്ചതു കൂടാതെയുള്ള പ്രത്യക ആവശ്യങ്ങളാണ് ഇവ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K