12 May, 2020 03:19:38 PM
ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയെന്നാരോപിച്ച് മാധ്യമപ്രവർത്തനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. 'ഫേസ് ഓഫ് നേഷൻ' എന്ന ഗുജറാത്തി പോർട്ടലിന്‍റെ എഡിറ്ററായ ധവൽ പട്ടേൽ എന്നയാൾക്കെതിരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ദേശദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്.
വിജയ് രൂപാണിയെ മാറ്റി പകരം കേന്ദ്ര മന്ത്രി മന്‍സുഖ് മണ്ടവ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാൻ ഹൈക്കമ്മാൻഡ് നീക്കം നടക്കുന്നുണ്ടെന്ന വാർത്തയാണ് കേസിന് അടിസ്ഥാനം. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയിലും ഉന്നത നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും മെയ് ഏഴിന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞിരുന്നു. ഈ വാർത്തയുടെ പേരിലാണ് കേസ്.
രാജ്യദ്രോഹക്കുറ്റത്തിന് പുറമെ പകർച്ചവ്യാധി നിയന്ത്രണ ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ധവലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ധവലിനെ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ മുൻകരുതൽ എന്ന നിലയ്ക്ക് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് എസിപി മാധ്യമങ്ങളെ അറിയിച്ചത്.