12 May, 2020 02:00:27 PM
ട്രയിനിൽ വന്നാലും പാസ് വേണം; അപേക്ഷിച്ചില്ലെങ്കില്‍ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേളത്തിലേയ്ക്ക് എത്താനായി ട്രെയിൻ ടിക്കറ്റ് എടുക്കുന്നവർ പ്രത്യേക പാസിനായി അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കോവിഡ്-19 ജാഗ്രത പോർട്ടലിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ രേഖപ്പെടുത്തണം.
പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കേരളത്തിലെത്തുമ്പോൾ ഇതു സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കും. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. രോഗലക്ഷണങ്ങളുള്ളവരെ തുടർ പരിശോധനയ്ക്ക് വിധേയരാക്കും. കോവിഡ് -19 ജാഗ്രത പോർട്ടലിൽ അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദിവസം കഴിയേണ്ടിവരും.
യാത്രക്കാരെ റെയിൽവേസ്റ്റേഷനിൽ നിന്ന് വീടുകളിലേയ്ക്ക് കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കണം. യാത്രക്കു ശേഷം ഡ്രൈവറും വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. റെയിൽവേ സ്റ്റേഷനിൽ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് കെഎസ്ആർടിസി സർവീസ് നടത്തും