11 May, 2020 09:05:41 PM


'കോവിഡ് പരത്തിയ തബ്ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെട്ട ബുള്ളറ്റിന്‍ പിന്‍വലിച്ച് പി എസ് സി



കോഴിക്കോട്: രാജ്യത്ത് കോവിഡ് പരത്തിയ മതസമ്മേളനം നടന്നത് എവിടെയെന്ന വിവാദ ചോദ്യവുമായി പി.എസ്.സി ബുള്ളറ്റിന്‍. ഏപ്രില്‍ പതിനഞ്ചിന് ഇറങ്ങിയ ബുള്ളറ്റിനിലാണ് ചോദ്യം. കോവിഡിന്റെ പേരില്‍ വംശീയ വിദ്വേഷമുണ്ടാക്കുന്ന തരത്തിലാണ് ചോദ്യമെന്ന വിമര്‍ശനവുമായി യൂത്ത് ലീഗും എം.ഇ.എസും രംഗത്തെത്തിയതോടെ ബുള്ളറ്റിന്‍ പിന്‍വലിക്കുന്നതായി പി.എസ്.സി ചെയര്‍മാന്‍ എം.കെ സകീര്‍ അറിയിച്ചു. 


പുറത്തു നിന്നുള്ള ആളുകളാണ് ചോദ്യം തയ്യാറാക്കിയതെന്നും ബുള്ളറ്റിന്‍ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. രാജ്യത്ത് നിരവധി പൗരന്‍മാര്‍ക്ക് കോവിഡ് ബാധയേല്‍ക്കാന്‍ കാരണമായ തബ് ലീഗ് സമ്മേളനം നടന്നത് എവിടെയാണെന്നാണ് പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യം. ന്യൂഡല്‍ഹിയിലെ നിസാമുദ്ദീന്‍ എന്ന് ഉത്തരവും നല്‍കി. ഏപ്രില്‍ പതിനഞ്ചിന് പ്രസിദ്ധീകരിച്ച ബുള്ളറ്റിനില്‍ സമകാലികം എന്ന പേജിലാണ് ചോദ്യം. കോവിഡിനെക്കുറിച്ച് മറ്റ് നിരവധി ചോദ്യങ്ങളും ബുള്ളറ്റിനിലുണ്ട്.


പി.എസ്.സി ബുള്ളറ്റിനിലെ ചോദ്യം വംശീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന ആരോപണവുമായി രംഗത്തെത്തിയ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍  ബുള്ളറ്റിൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചോദ്യത്തിന് വർഗീയ സ്വഭാവമുണ്ടെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറും ആരോപിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പേരില്‍ വിഭാഗീയ പ്രചാരണം അനുവദിക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K