11 May, 2020 05:41:40 PM
കണ്‍ഫേം ഇ-ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രം സ്റ്റേഷനിൽ പ്രവേശനം: ട്രയിൻ യാത്രികർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ
ദില്ലി: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ യാത്ര നടത്തുന്നവർ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രം മാർഗനിർദേശങ്ങൾ നൽകിയത്. ചൊവാഴ്ച മുതൽ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കാനാണു റെയിൽവേയുടെ നീക്കം. തുടക്കത്തിൽ 15 കേന്ദ്രങ്ങളിലേക്കു സർവീസുകളുണ്ടാകും.
കണ്‍ഫേം ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമെ സ്റ്റേഷനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നത്. കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാരെ എത്തിക്കാനും കൂട്ടാനും ആണെങ്കില്‍ മാത്രമേ സ്റ്റേഷനിലേക്ക് വാഹനത്തിന് പ്രവേശനം അനുവദിക്കൂ. എല്ലാ യാത്രക്കാരെയും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേന്ദ്രം അറിയിച്ചു.
മറ്റു പ്രധാന മാർഗനിർദേശങ്ങൾ
• രോഗ ലക്ഷണമില്ലാത്തവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
• എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കും
• എല്ലാ യാത്രക്കാരും മുഖാവരണം/ മാസ്കുകള്‍ ധരിക്കണം
• രോഗ സാധ്യത ഒഴിവാക്കാന്‍ യാത്രക്കാര്‍ ഭക്ഷണം, പുതപ്പ്, ബെഡ്ഷീറ്റുകള്‍ എന്നിവ സ്വയം കരുതണം
• പായ്ക്കറ്റിലാക്കിയ ലഘുഭക്ഷണങ്ങള്‍, ബിസ്ക്കറ്റ് എന്നിവ റെയില്‍വേ കാറ്ററിംഗ് സ്റ്റാഫ് ട്രെയിനിനുള്ളില്‍ വെച്ച് നല്‍കും. ആവശ്യമുള്ള യാത്രക്കാര്‍ക്ക് വാങ്ങാം
• യാത്രക്കാര്‍ എല്ലാം ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇത് യാത്ര ചെയ്യാനുള്ള ഒരു ഉപാധിയായി നിര്‍ദേശിക്കുന്നില്ല.
ഡൽഹിയിൽനിന്നാണ് എല്ലാ സർവീസുകളുമെന്നാണ് അറിയുന്നത്. ആദ്യഘട്ടത്തിൽ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ട്. തിരുവനന്തപുരത്തിനു പുറമേ അഗർത്തല, ദിബ്രുഗഡ്, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലാണ് സർവീസ്.
തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഐആർസിടിസിയുടെ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ്. കൗണ്ടറുകളിൽ ടിക്കറ്റ് വില്പന ഇല്ല.