11 May, 2020 02:22:33 PM
പോക്കറ്റ് 'കീറാൻ' റയിൽവേ: സർവിസ് തുടങ്ങുന്ന ട്രെയിനുകളിൽ എ.സി കോച്ചുകൾ മാത്രം
ദില്ലി: ചൊവ്വാഴ്ച രാജ്യത്ത് ട്രെയിൻ സർവിസ് ഭാഗികമായി പുന:സ്ഥാപിക്കുന്നത് സാധാരണക്കാരന്‍റെ പോക്കറ്റ് 'കീറി'കൊണ്ടായിരിക്കും. ട്രെയിനുകളിൽ എ.സി കോച്ചുകൾ മാത്രമേ ഉണ്ടായിരിക്കൂവെന്നും രാജധാനി എക്സ്പ്രസിന് സമാനമായ ഉയർന്ന നിരക്കാവും ഈടാക്കുകയെന്നും റെയിൽവേ വ്യക്തമാക്കി. ഓടിത്തുടങ്ങുന്ന ട്രെയിനുകൾക്ക് കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. യാത്രാ ഇളവുകൾ ലഭ്യമാവില്ല. ഇന്ന് മുതൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ (https://www.irctc.co.in/) ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾ അടഞ്ഞുകിടക്കും.
ചൊവ്വാഴ്ച മുതൽ ദില്ലിയിൽ നിന്ന് രാജ്യത്തെ 15 സ്റ്റേഷനുകളിലേക്ക് പ്രത്യേക സർവിസ് നടത്തുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്കും സർവിസ് ഉണ്ട്. ഇത് കൂടാതെ ദിബ്രുഗഡ്, അഗർത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും. ഇവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് തിരികെ യാത്രയുമുണ്ടാകും.