11 May, 2020 11:56:32 AM
നാമക്കല്‍ ബസപകടം: ഡ്രൈവര്‍ മരിച്ചു; യാത്രക്കാരെ കോട്ടയത്ത് എത്തിച്ചു
പാലക്കാട് / കോട്ടയം: ഇന്നലെ തമിഴ്‌നാട്ടിൽ സേലം നാമക്കലിന് സമീപം ഉണ്ടായ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന ബസ് ഡ്രൈവർ മരണത്തിനു കീഴടങ്ങി. തൃശൂർ ചിറ്റാട്ടുകര സ്വദേശി ഷഹീർ ആണ് ഇന്നു പുലർച്ചെ 2.50 ന് മരിച്ചത്. ഇന്നലെ പകല്‍ 12.45 മണിയോടെ കരൂരിന് സമീപം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ബസിലെ യാത്രക്കാരിയായ ഇടുക്കി സ്വദേശിനിക്കും സാരമായി പരിക്കേറ്റിരുന്നുവെങ്കിലും പിന്നീട് അപകടനില തരണം ചെയ്തു. ബാക്കി യാത്രക്കാരെല്ലാം കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങലില്‍നിന്നുള്ളവരായിരുന്നു. വിദ്യാര്‍ത്ഥികളും ബംഗളൂരുവില്‍ ജോലിചെയ്യുന്ന നഴ്സുമാരും ഉള്‍പ്പെടെയുള്ളവരായിരുന്നു ബസിലെ യാത്രക്കാര്‍. മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം തൃശൂരില്‍ നിന്നും എത്തിയ ജയ്ഗുരു ബസ് ഇന്നലെ രാവിലെ 6.30നാണ് 24 യാത്രക്കാരുമായി ബംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്.
അപകടത്തില്‍പെട്ട ബസിലെ മറ്റ് യാത്രക്കാരെ കോട്ടയം ജില്ലാ ഭരണകൂടം ഇടപെട്ട് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ പ്രത്യേകമായി ഏര്‍പ്പെടുത്തിയ ബസില്‍ ജില്ലയില്‍ എത്തിച്ചു. ഇവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കി. പരിക്കേറ്റ ഒന്‍പതു പേരെ വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നതിന് സൗകര്യമില്ലാത്ത ആറു പേരെ കോട്ടയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.