10 May, 2020 09:28:10 PM
രാജ്യത്ത് ട്രെയിൻ സർവീസ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നു; നാളെ മുതൽ ബുക്കിംഗ്
ദില്ലി: 51 ദിവസത്തിന് ശേഷം ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ റെയിൽവേ നടപടികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ 15 ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച വൈകിട്ട് 4 മുതൽ ആരംഭിക്കുമെന്ന് ഐആർടിസി വ്യക്തമാക്കി.
ലോക്ഡൗണിനെ തുടർന്നു മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. 15 ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ ഓടിക്കുന്നത് (ആകെ 30 സർവീസുകൾ). ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസ്.
പ്രത്യേക തീവണ്ടികള്‍ എന്ന നിലയിലായിരിക്കും തീവണ്ടികള്‍ സര്‍വീസ് നടത്തുക. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കുക. കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക.
യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. കോവിഡ് കെയർ സെന്‍ററുകളായി 20,000 കോച്ചുകൾ റെയിൽവേ ഉപയോഗിക്കുകയാണ്. ഇതു കൂടാതെ മുന്നൂറോളം ട്രെയിനുകൾ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന ശ്രമിക് സർവീസിനായി ഉപയോഗിക്കുന്നു.