10 May, 2020 07:09:12 PM
24 മണിക്കൂറിനകം കാര്‍ഡ് കിട്ടി; റേഷന്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കണം ഒരു മാസം
കോട്ടയം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂര്‍ണ്ണമായിട്ടില്ലെങ്കിലും ഒരു പരിധി വരെ ശരിയായി. എന്നാല്‍ ഈ കാര്‍ഡ് വെറും നോക്കുകുത്തിയായി മാറും എന്ന് കയ്യില്‍ കിട്ടികഴിഞ്ഞപ്പോഴാണ് ജനങ്ങള്‍ മനസിലാക്കിയത്. വളരെ വേഗതയില്‍ വിതരണം ചെയ്ത കാര്‍ഡുകള്‍ക്ക് റേഷന്‍ ലഭിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കണം ഒരു മാസത്തിലധികം എന്നാണ് സപ്ലൈ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന വിവരം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച പിന്നാലെ സൗജന്യ ഭക്ഷ്യധാന്യവിതരണം നടത്തിയപ്പോഴാണ് റേഷന്‍ കാര്‍ഡില്ലാത്ത പതിനായിരങ്ങള്‍ ഓരോ ജില്ലയിലും ഉണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കിയത്. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് സൗജന്യ റേഷന്‍ വാങ്ങിയവരുടെ എണ്ണം വളരെയേറെ എന്ന് കണ്ടതോടെയാണ് പെട്ടെന്ന് റേഷന്‍കാര്‍ഡ് ലഭ്യമാക്കുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇ-കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല. ഇതേകുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ തങ്ങള്‍ക്കും ഉള്ളുവെന്ന് സപ്ലൈ ഓഫീസ് അധികൃതര്‍.
പക്ഷെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ കുമിഞ്ഞുകൂടിയതോടെ ഇ- കാര്‍ഡിനു പകരം യഥാര്‍ത്ഥ കാര്‍ഡു തന്നെ കൊടുക്കാന്‍ അധികൃതര്‍ തയ്യാറായി. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കാര്‍ഡ് വിതരണം ചെയ്ത താലൂക്ക് സപ്ലൈ ഓഫീസുകളുമുണ്ട്. കോട്ടയം താലൂക്ക് ഓഫീസും ഈ ഗണത്തില്‍വരുന്നു. പക്ഷെ വിതരണം ചെയ്യപ്പെട്ട കാര്‍ഡുകള്‍ക്കെല്ലാം റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഒരു മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍തന്നെ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട് കാര്‍ഡിന് ഓടിയവര്‍ക്കെല്ലാം ഇതോടെ മെയ് മാസത്തെ റേഷന്‍ ലഭിക്കില്ലെന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ലോക്ഡൗണില്‍ പട്ടിണി മാറ്റാന്‍ അടിയന്തരമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിതരണം ചെയ്ത കാര്‍ഡ് നിലവില്‍ കാഴ്ചവസ്തുവായി എന്ന് വേണം പറയാന്‍. ഇതിനിടെ സംസ്ഥാനത്തിന്‍റെ പല ഭാഗത്തും കാര്‍ഡ് കിട്ടിയ ഉടനെ റേഷന്‍ കടകളിലെത്തിയ ഒട്ടനവധി ആളുകളാണ് നിരാശരായി മടങ്ങിയത്. റേഷന്‍ കാര്‍ഡ് നമ്പര്‍ ഇ-പോസ് മെഷീനില്‍ അപ്ലോഡ് ചെയ്യാനുള്ള സമയമാണത്രേ ഒരു മാസം. ചിലപ്പോള്‍ 45 ദിവസം വരെയും നീളുമെന്ന് പറയപ്പെടുന്നു.
ഓരോ മാസവും ഹൈദരാബാദിലെ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്‍റ് പോര്‍ട്ടല്‍, എഇപിഡിഎസ് (ആധാര്‍ എനേബിള്‍ഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) അപ്ലോഡിങ് നടത്തുന്നത് അവസാന വാരത്തിലാണ്. അതിനു ശേഷമേ കാര്‍ഡ് ഇ-പോസ് മെഷീനില്‍ അപ്ലോഡ് ചെയ്യൂ. അതേസമയം, അടുത്ത ദിവസം മന്ത്രി വിളിച്ചിരിക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കാമെന്ന് പ്രതീക്ഷയിലാണ് റേഷനിംഗ് ഉദ്യോഗസ്ഥര്‍.