10 May, 2020 03:12:23 PM


ബംഗളുരുവില്‍ നിന്നും കോട്ടയത്തേയ്ക്ക് വന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്



സേലം: ബംഗളൂരുവിൽ നിന്ന് പാലായ്ക്ക് തിരിച്ച 24 അംഗ സംഘം സഞ്ചരിച്ച സ്വകാര്യബസ് തമിഴ്നാട്ടില്‍ സേലം നാമക്കലിനു സമീപം അപകടത്തിൽപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 12.30 മണിയോടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ പരിക്ക് ഗുരുതരമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ തൃശൂര്‍ സ്വദേശിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കരൂരിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.  ഹൈവേയില്‍ വളവ് തിരിഞ്ഞ് കയറിവന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം എന്ന് ബസിലെ യാത്രക്കാരനായ പാലാ മുണ്ടുപാലം സ്വദേശി മനു പ്രസാദ് കൈരളി വാര്‍ത്തയോട് പറഞ്ഞു. 


ബസിലെ യാത്രക്കാരില്‍ ഒരാള്‍ ഇടുക്കി സ്വദേശിനിയും ബാക്കി എല്ലാവരും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ളവരാണ്. ഇടുക്കി സ്വദേശിനിയായ നിമ്മി വര്‍ഗീസിന് സാരമായി പരിക്കേറ്റിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു. ബംഗളൂരുവില്‍ നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രകാരം തൃശൂരില്‍ നിന്നും എത്തിയ ജയ് ഗുരു എന്ന ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 6.30ന് ബംഗളൂരുവിലെ കലാശപാളയത്തുനിന്നും പുറപ്പെട്ട ബസില്‍ വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ള ആളുകളാണ് ഉണ്ടായിരുന്നത്. കുമളി ചെക്കുപോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ പാസ് ഉണ്ടായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K