10 May, 2020 11:55:51 AM
ഇന്ത്യ-ചൈന സൈനികര്‍ തമ്മിൽ സിക്കിം അതിർത്തിയിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
ദില്ലി: വടക്കൻ സിക്കിമിലെ നാതുലാ സെക്ടറിന് സമീപം ഇന്ത്യൻ-ചൈനീസ് സൈന്യം നേര്‍ക്കു നേർ. കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഇവിടെ സംഘർഷം ഉടലെടുത്തത്. ഇരുവശങ്ങളിലുമായി നൂറ്റിയമ്പതോളം സൈനികരാണ് ഇവിടെയുണ്ടായിരുന്നത്. ഇരുകൂട്ടര്‍ക്കും ഇടയിൽ സംഘര്‍ഷം ഉണ്ടായെന്ന് സൈനികവൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇരു ഭാഗത്തുള്ളവർക്കും ചെറിയ രീതിയിൽ പരിക്കുകളുണ്ടായതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രാദേശിക തലത്തില്‍ തന്നെ നടന്ന സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്. നോര്‍ത്ത് സിക്കിമില്‍ 5000 മീറ്റർ ഉയരത്തിലുള്ള മേഖലയാണ് നാതുലാ. ഇവിടെ രണ്ട് രാജ്യങ്ങളിലെയും സൈനികർ സാധാരണ നടത്താറുള്ള പട്രോളിംഗിനിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങളുണ്ടായത്.
അതിർത്തി പരിധികളുടെ പേരിൽ ഇന്ത്യ-ചൈന നിയന്ത്രണരേഖകളിലെ പല സെക്ടറുകളിലും ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ നാകു ലാ സെക്ടറിൽ ഇത്തരം സംഭവങ്ങൾ പതിവല്ല. 2017 ല്‍ ഡോക്ലാമിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. രണ്ടര മാസത്തോളമാണ് അന്ന് അതിർത്തി മേഖല സംഘര്‍വസ്ഥയിൽ നില നിന്നത്.