10 May, 2020 11:13:22 AM
കോവിഡ് ബാധിതയായ യുവതി സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി
മുംബൈ: കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വൈറസ് ബാധിതയായതിനാൽ ഏഴ് സ്വകാര്യ ആശുപത്രികൾ യുവതിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് മുംബൈയിലെ സർക്കാർ ആശുപത്രിയിലാണ് 24കാരിയായ യുവതി രണ്ട് ആൺകുട്ടികൾക്കും ഒരു പെൺകുഞ്ഞിനും ജന്മം നൽകിയത്. കുട്ടികൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എല്ലാവർക്കും രണ്ട് കിലോയ്ക്ക് മുകളിൽ തൂക്കമുണ്ടെന്നുമാണ് യുവതിയുടെ പ്രസവം നടന്ന നായർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആദ്യം പരിചരിച്ചിരുന്ന ആശുപത്രി അധികൃതർ യുവതിക്ക് പ്രവേശനം നിഷേധിച്ചത്. പിന്നീട് ഏഴോളം ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും കോവിഡ് രോഗിയെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.. തുടർന്നാണ് ഇവർ സർക്കാർ ആശുപത്രിയിലെത്തിയത്. ഇവിടെ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയത്.
കോവിഡ് ബാധിതർക്ക് മാത്രമായി സജ്ജീകരിച്ച ആശുപത്രിയിൽ ഗര്‍ഭിണികൾക്കായി പ്രത്യേക വാർഡ് തന്നെ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 40 കോവിഡ് രോഗികൾ ഇവിടെ പ്രസവിച്ചു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. ഇരുപത്തിനാലുകാരിയുടെ മൂന്ന് കുട്ടികൾക്കും കോവിഡ് ഇല്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മ മുലയൂട്ടുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ മുഖാവരണം ധരിക്കണമെന്നത് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.