09 May, 2020 10:07:06 PM
181 യാത്രക്കാരുമായി മസ്കറ്റില്‍നിന്നുള്ള ആദ്യ വിമാനം കൊച്ചിയില്‍ പറന്നിറങ്ങി
കൊച്ചി: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി മസ്കറ്റില്‍നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി. ഒമാന്‍ സമയം വൈകിട്ട് 4.15ന് മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഎക്സ് 442 വിമാനം ഇന്ത്യൻ സമയം രാത്രി 10നാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. 48 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
22 തൊഴിലാളികളും സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 30 പേരും സംഘത്തിലുണ്ട്. 77 പേര്‍ ചികിത്സാ ആവശ്യാര്‍ഥം നാട്ടിലേക്കു മടങ്ങുന്നവരാണ്. തെര്‍മല്‍ സ്‌കാനിങ് പൂര്‍ത്തിയാക്കിയശേഷമാണ് മുഴുവന്‍ യാത്രക്കാരെയും മസ്കറ്റില്‍ ചെക്ക് ഇന്‍ കൗണ്ടറിലേക്ക് വിട്ടത്. ഇതിനായി വിമാനത്താവളത്തില്‍ എത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. അംബാസഡര്‍ മനു മഹാവര്‍ പ്രവാസികളെ യാത്രയാക്കാന്‍ മസ്കറ്റ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.