08 May, 2020 09:29:13 AM
പാളത്തിൽ കിടന്നുറങ്ങിയ 15 കുടിയേറ്റ തൊഴിലാളികൾ ട്രയിൻ കയറി മരിച്ചു
മുംബൈ: ഔറംഗാബാദിൽ ട്രെയിൻ കയറി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 15 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15 ന് ആയിരുന്നു സംഭവം. ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നവരുടെ മുകളിലൂടെ ചരക്ക് ട്രെയിൻ കയറിയിറങ്ങുകയായിരുന്നു.
ജൽനയിലെ ഇരുമ്പ് ഫാക്ടറിയിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടതെന്നാണ് അറിയുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ തൊഴിലാളികൾ മധ്യപ്രദേശിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. നാട്ടിലേക്ക് റെയിൽവെ ട്രാക്കിലൂടെ നടന്ന് പോകുകയായിരുന്ന ഇവർ രാത്രിയിൽ വിശ്രമിക്കാൻ കിടന്നതായിരുന്നു.
ലോക്ക്ഡൗൺ ദുരതത്തിലാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ പലായനം ആരംഭിച്ചിരുന്നു. റോഡിലൂടെയും റെയിൽവെ ട്രാക്കിലൂടെയും നടന്നാണ് പലരും ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ നാട്ടിലേക്ക് തിരിച്ചവരാണ് ദുരന്തത്തിൽ പെട്ടത്.