07 May, 2020 10:11:49 PM
നാടിന്റെ കരുതലിലേക്ക് അവര്‍ പറന്നിറങ്ങി; കൊച്ചിയിലും കരിപ്പൂരിലും എത്തിയത് 363 പ്രവാസികള്‍
കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് നാടുകളിൽ നിന്ന് മലയാളികളുമായി രണ്ട് വിമാനങ്ങളും കേരളത്തിൽ പറന്നിറങ്ങി. അബുദാബിയിൽനിന്നും 181 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലെത്തി. വ്യാഴാഴ്ച രാത്രി 10.08നാണ് വിമാനം കൊച്ചിയുടെ മണ്ണിലിറങ്ങിയത്. ദുബായിൽ നിന്നും കരിപ്പൂരിലെത്തിയ വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കൊച്ചിയിലെത്തിയ യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളുമുണ്ട്. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. അതേസമയം ഗർഭിണികൾക്കും കുട്ടികൾക്കും വീട്ടിലേക്ക് മടങ്ങാം. ഇവർ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. ഇമിഗ്രേഷൻ കൗണ്ടറുകൾക്കു മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങളുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. പത്ത് ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്.
വിമാനവും ബാഗേജുകളും അൾട്രാവയലറ്റ് ഉപകരണം ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ട്. വിമാനത്തിനു പ്രത്യേക പാർക്കിംഗ് ബേ, എയ്റോ ബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ടെർമിനലിലേക്കു പ്രവേശിക്കുമ്പോൾതന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേക്കു മാറ്റും. അവിടെനിന്ന് ആലുവ ആശുപത്രിയിലേക്കു കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവരെ ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യപരിശോധന നടത്തി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പിന്നീടു ബാഗേജ് ഏരിയയിലേക്കു കൊണ്ടുപോകും. പ്രവാസികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെഎസ്ആർടിസി ബസുകളും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്.
കരിപ്പൂരിലെത്തിയ രണ്ടാം വിമാനത്തില്‍ അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് 182 യാത്രക്കാരുള്ളത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്. കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു ഇവരെ നേരിട്ടിവിടെത്തിക്കും.
കൊച്ചിയിലിറങ്ങിയവരിൽ തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.
പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തന്റെ ഭാഗമായി 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. പതിമൂന്നാം തീയതി വരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാല് വിമാനങ്ങള്‍ ആദ്യ ദിനം കേരളത്തിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് രണ്ടെണ്ണം മാറ്റിവയ്ക്കുകയായിരുന്നു. യാത്രാക്കൂലി, ക്വറന്റീൻ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കണം.