07 May, 2020 11:34:52 AM


ഭക്ഷണത്തോടൊപ്പം മദ്യവും വീടുകളില്‍ എത്തിക്കാം; പദ്ധതിക്ക് ശുപാര്‍ശയുമായി സൊമാറ്റോ



ദില്ലി: ഭക്ഷണം പോലെ തന്നെ മദ്യവും വീടുകളില്‍ എത്തിക്കുന്ന സംരംഭത്തിന്  പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത്തരമൊരു ബിസിനസിന് മുതിരുന്നത്. ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്ഡ് വൈന്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് ഇതു സംബന്ധിച്ച ശുപാര്‍ശ ഏപ്രില്‍ മദ്യത്തോടെ സമര്‍പ്പിച്ചിരിക്കുകയാണ് സൊമാറ്റോ. 


ലോക്ക്ഡൗണ്‍ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാല്‍ പലചരക്ക് വിതരണവും ചിലയിടങ്ങളില്‍ സൊമാറ്റോ തുടങ്ങിയിരുന്നു. മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ഈ ആഴ്ചയാണ് വീണ്ടും തുറക്കാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. മദ്യ ഷാപ്പുകള്‍ തുറന്ന സംസ്ഥാനങ്ങളിൽ നീണ്ട വരികൾ നിരന്നത് മൂലം സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു.


ഇന്ത്യയില്‍ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവില്‍ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേര്‍ന്ന് മാറ്റം വരുത്താന്‍ ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നാണ് സോമാറ്റോ അധികൃതര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K