06 May, 2020 10:13:50 AM
ജനം ഇടിച്ചുകയറി; മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി മുംബൈ റദ്ദാക്കി
മുംബൈ: ജനം ഇടിച്ചുകയറിയതോടെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി മുംബൈ റദ്ദാക്കി. ബുധനാഴ്ച മുതൽ മദ്യശാലകൾ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ മദ്യശാലകൾ തുറന്നത്. എന്നാൽ മദ്യശാലകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിക്കാതെ വൻ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ഇതോടെ മദ്യശാലകളുടെ പ്രവർത്തനാനുമതി മുംബൈ റദ്ദാക്കുകയായിരുന്നു.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ ബുധനാഴ്ച മുതൽ തുറക്കാൻ അനുമതി നൽകുകയുള്ളുവെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. മദ്യക്കടകൾക്ക് പുറത്ത് ധാരാളം ആളുകൾ തടിച്ചുകൂടുകയാണ്. സാമൂഹിക അകലമെന്ന നിർദേശം ഇവിടെ ആളുകൾ പാലിക്കുന്നില്ല. അതിനാൽ പലചരക്ക് കടകളും മെഡിക്കൽ സ്റ്റോറുകളും മാത്രമേ തുറക്കാൻ അനുവദിക്കുവെന്ന് ബിഎംസി കൗൺസിലർ പറഞ്ഞു