05 May, 2020 09:43:31 AM
70% 'കൊറോണ ഫീസ്'; ദില്ലിയിൽ ഇന്നുമുതൽ മദ്യത്തിന് വിലവർദ്ധന
ദില്ലി: വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് മദ്യത്തിന് കുത്തനെ വില കൂട്ടി ഡൽഹി സർക്കാർ. 70 ശതമാനം സ്പെഷ്യൽ കൊറോണ ഫീസ് ഏർപ്പെടുത്തിയാണ് വില വർദ്ധനവ്. ചൊവ്വാഴ്ച മുതൽ പുതിയ നിരക്കിലായിരിക്കും സംസ്ഥാനത്ത് മദ്യവിൽപ്പന. കൊറോണ വൈറസ് കാരണമുള്ള നിർബന്ധിത ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ നീക്കം.
"മദ്യക്കുപ്പികളുടെ എംആർപി (പരമാവധി ചില്ലറ വില)യ്ക്കുമേൽ 70% പ്രത്യേക കൊറോണ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
"ചില്ലറ ലൈസൻസികളിലൂടെ ഉപഭോഗത്തിനായി വിൽക്കുന്ന എല്ലാ തരം മദ്യത്തിനും പരമാവധി ചില്ലറ വിൽപ്പന വിലയുടെ 70% (ഈടാക്കും) ..."- അർദ്ധരാത്രി പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഡൽഹി സർക്കാരിന്റെ ധനകാര്യ വകുപ്പ് വ്യക്തമാക്കി. ഉദാഹരണത്തിന്, നേരത്തെ പരമാവധി 1,000 രൂപ വിലയുള്ള ഒരു മദ്യക്കുപ്പിക്ക് ഡൽഹിയിൽ ഇനിമുതൽ 1,700 രൂപ വിലവരും.
കൊറോണ വൈറസ് ലോക്ക്ഡൌണിന്റെ മൂന്നാം ഘട്ടത്തിൽ ചില നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ ഡൽഹിയിൽ മദ്യവിൽപ്പന പുനഃരാരംഭിച്ചിരുന്നു.കണ്ടെയ്നർ സോണിലല്ലാത്ത 150 മദ്യശാലകളാണ് തുറന്നത്.
ഔട്ട്‌ലെറ്റുകൾക്ക് പുറത്ത് തടിച്ചുകൂടിയ ആളുകൾ സാമൂഹിക അകലം പാലിക്കാത്തതിനാൽ തിങ്കളാഴ്ച തുറന്ന 40ഓളം മദ്യശാലകൾ ഉച്ചയോടെ അടയ്ക്കേണ്ടി വന്നിരുന്നു. ആൾക്കൂട്ടം കാരണം ചിലയിടത്ത് പോലീസിന് നേരിയതോതിൽ ബലപ്രയോഗം നടത്തേണ്ടിവന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യത്തിന് ഇത്തരമൊരു സെസ് ഏർപ്പെടുത്താനുള്ള ആശയം മുന്നോട്ടുവെച്ചത്. വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ എക്സൈസ് കമ്മീഷണർ രവി ധവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ലോക്ക്ഡൌൺ കാരണം സർക്കാരിന്റെ വരുമാനത്തെയും സമ്പദ്‌വ്യവസ്ഥയെയും അത് സാരമായി ബാധിച്ചതായി കെജ്‌രിവാൾ പറഞ്ഞു. 2019 ഏപ്രിലിൽ ഡൽഹി സർക്കാർ 3,500 കോടി രൂപ വരുമാനം നേടിയപ്പോൾ ഈ ഏപ്രിലിൽ 300 കോടി രൂപ മാത്രമാണ് ലഭിച്ചത്.
തിങ്കളാഴ്ച മദ്യവിൽപ്പനയ്ക്ക് പുറത്തു ആളുകൾ സാമൂഹിക അകലം പാലിക്കാത്ത പ്രദേശങ്ങളിൽ നിന്ന് എല്ലാ ലോക്ക്ഡൗൺ ഇളവുകളും സർക്കാർ പിൻവലിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ചില ഷോപ്പുകളിൽ ആളുകൾ പരസ്പരം ആറടി അല്ലെങ്കിൽ രണ്ട് മീറ്റർ അകലം പാലിക്കാത്തത് നിർഭാഗ്യകരമാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ഒരു കടയ്ക്ക് പുറത്ത് സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാർ അത് മുദ്രവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.