04 May, 2020 08:35:41 PM
വിയ്യൂരിൽ നിന്നും ശിക്ഷാ കാലാവധി കഴിഞ്ഞ നാലു പേർ കൊല്ലത്തെ തണൽ ഇടത്തിലേക്ക്
തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ നാലുപേർ തണൽ ഇടത്തിലേക്ക്. ജയിലിൽ നിന്നിറങ്ങുന്ന ആലംബഹീനർക്ക് താങ്ങാവാൻ സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനമാണ് തണൽ ഇടം. കൊല്ലം ജില്ലയിലെ വാളകത്താണ് തണൽ ഇടം ആരംഭിച്ചിട്ടുള്ളത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ 59 വയസുകാരനാണ് തണലിടത്തിലെ ആദ്യ താമസക്കാരൻ. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് സ്വന്തക്കാരായി ആരുമില്ല. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എങ്ങോട്ട് പോകുമെന്നറിയാതെ നിന്നപ്പോളാണ് സാമൂഹ്യ നീതി വകുപ്പ് തുണയായത്.
ഇതിനു പുറമെ തമിഴ് നാട്ടുകാരായ രണ്ടുപേരും കോഴിക്കോടുകാരനായ ഒരാളും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തണലിടത്തിന്‍റെ ഭാഗമാകും. പൊതു ഗതാഗതം ഇല്ലാത്തതിനാൽ പോലീസ് സഹായത്തോടെ ഇവരെ തണലിടത്തിൽ എത്തിക്കും. കിടപ്പ് രോഗികളോ, മാനസിക രോഗികളോ അല്ലാത്ത ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന 18 മുതല്‍ 70 വരെ പ്രായമുള്ള പുരുഷൻമാർക്കാണ് ഇവിടെ ആശ്രയം ലഭിക്കുക. ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടുമാരുടെയോ കത്തിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ സംരക്ഷണം ലഭിക്കും.
കൊറോണക്കാലത്ത് ജയിൽ വകുപ്പ് നൽകിയ പ്രത്യേക പരോളിൽ പുറത്തിറങ്ങിയവർക്കും ഇവിടെ താമസിക്കാൻ കഴിയും. ഇവിടെ എത്തുന്ന ഓരോരുത്തരുടെയും കഴിവും ദൗർബല്യവും മനസ്സിലാക്കി പ്രത്യേക വ്യക്തിഗതശ്രദ്ധാപദ്ധതി രൂപീകരിച്ച് ഇവരെ സമൂഹത്തിൽ പുനരധിവസിപ്പിക്കുകയും വീണ്ടും കേസിൽപ്പെടാതെ നോക്കുകയുമാണ് ലക്ഷ്യം. ഇതിനായി തൊഴിൽ പരിശീലനവും ഇവിടെ ഒരുക്കുന്നു. ഇവിടെ എത്തുന്ന ഓരോരുത്തർക്കും സ്വന്തം വീട്, തൊഴിൽ, കുടുംബം തുടങ്ങി സാമൂഹ്യപുനരേകീകരണത്തിനുള്ള വിവിധ സംവിധാനങ്ങൾ മറ്റു വകുപ്പുകളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായത്തോടെ ഭാവിയിൽ ഒരുക്കും. ഇതിനായി സോഷ്യൽ വർക്കർമാരെയും നിയമിക്കും.