04 May, 2020 02:21:58 PM
അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള മലയാളികളുടെ ആദ്യ സംഘമെത്തി
പാലക്കാട്: അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള മലയാളികളുടെ ആദ്യ സംഘമെത്തി. തിങ്കളാഴ്ച രാവിലെ വാളയാർ ചെക്പോസ്റ്റിലാണ് വാഹനങ്ങളെത്തിയത്. നോർക്ക വഴി പാസ് ലഭിച്ചവർക്കാണ് പ്രവേശനം അനുവദിച്ചത്.
ചെക്പോസ്റ്റിലെ പരിശോധനക്ക് ശേഷമാണ് വാഹനം കടത്തി വിടുന്നത്. കേരളത്തിലേക്കുള്ള വാഹനങ്ങളുടെ പരിശോധിക്കാനായി 14 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരും പൊലീസും ക്ലർക്കുമാരും റവന്യു ഉദ്യോഗസ്ഥരും ചെക്പോസ്റ്റിലുണ്ട്.
കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കായി രണ്ട് കൗണ്ടറുകൾ ഇവിടെ തയാറാക്കിയിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധിച്ച് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയാണ് കടത്തി വിടുന്നത്. പാസുകൾ ക്യുആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യും. പോകാൻ തടസമില്ലാത്തവർക്ക് വാഹന പാസ് നൽകും. അതിർത്തി കടന്നെത്തുന്നവർ ക്വാറന്റീൻ ലംഘിക്കുന്നുണ്ടോ എന്ന് അറിയാനായി ഫോണിൽ കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ആപ് നിർബന്ധമായി ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ 108 ആംബുലൻസിൽ ജില്ല ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റും. ആവശ്യമാണെങ്കിൽ ഇവരുടെ സ്രവം പരിശോധനക്ക് അയച്ച് കൊറോണ കേസ് സെന്ററിലേക്ക് വിടാനാണ് ഉദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മുത്തങ്ങ, ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, മഞ്ചേശ്വരം ചെക്പോസ്റ്റുകളിലൂടെയും മലയാളികൾ കേരളത്തിലെത്തും