04 May, 2020 10:00:57 AM


ബിഹാർ സർക്കാർ അനുമതിയില്ല; ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ റദ്ദാക്കി



തിരുവനന്തപുരം: ആലപ്പുഴ, തിരൂർ സ്റ്റേഷനുകളിൽനിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായി ബിഹാറിലേക്ക് പോകാനിരുന്ന ട്രെയിനുകൾ റദ്ദാക്കി. ബിഹാർ സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതാണു കാരണം. അതേസമയം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നു ബിഹാറിലേക്ക് 5574 തൊഴിലാളികളുമായി അഞ്ചു ട്രെയിനുകൾ ഇന്നലെ പുറപ്പെട്ടിരുന്നു.


കണ്ണൂരിൽനിന്ന് 1140 പേരുമായി സഹർഷ നോൺ സ്റ്റോപ്പ് ട്രെയിൻ രാത്രി ഏഴരയോടെ പുറപ്പെട്ടു. കോഴിക്കോട്നിന്നും ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു ഇന്നലെ സർവീസ്. വടകര താലൂക്കിലെ തൊഴിലാളി ക്യാംപുകളിൽനിന്നുള്ള 1090 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തൃശൂരിൽനിന്ന് ഞായറാഴ്ച വൈകിട്ട് 5.15നു ബിഹാറിലെ ദർഭംഗയിലേക്കു പുറപ്പെട്ട ട്രെയിനിൽ1143 തൊഴിലാളികളുണ്ട്. തൊഴിൽ വകുപ്പിന്‍റെ കണക്കനുസരിച്ച് ബിഹാറിൽ നിന്നുള്ള 3398 തൊഴിലാളികളാണു ജില്ലയിലുള്ളത്.


എറണാകുളം ജില്ലയിൽനിന്ന് ഇന്നലെ 2201 ഇതരസംസ്ഥാനത്തൊഴിലാളികൾ ബിഹാറിലേക്കു മടങ്ങി. ബിഹാറിലെ ബറൂണിയിലേക്കുള്ള ട്രെയിൻ 1140 യാത്രക്കാരുമായി ഉച്ചയ്ക്കു 3 മണിയോടെ പുറപ്പെട്ടു. രണ്ടാമത്തെ ട്രെയിൻ ആറരയോടെ മുസഫർപുരിലേക്കാണു പോയി. ജില്ലയിൽനിന്നു 3 ദിവസങ്ങളിലായി 5513 ഇതരസംസ്ഥാനതൊഴിലാളികൾ സ്വന്തം നാടുകളിലേക്കു മടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K