02 May, 2020 06:54:20 PM
ദില്ലിയിൽ ഒരു കെട്ടിടത്തിൽ താമസിക്കുന്ന 41 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ദില്ലി: ദില്ലിയിലെ കപാഷേരയിൽ ഒരു കെട്ടിടത്തിൽ താമസിക്കുന്ന 41 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കപാഷേരയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തുള്ള തികേ വാലി ഗലിയിലെ ഒരു കെട്ടിടത്തിലെ താമസക്കാർക്കാണ് അസുഖം സ്ഥിരീകരിച്ചത്. കെട്ടിടത്തിലെ ഒരു താമസക്കാരൻ ശ്വസനസംബന്ധമായ പ്രശ്നങ്ങളുമായി എത്തിയതിനെ തുടർന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ബാക്കിയുള്ള താമസക്കാരും പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു.
പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 67 എണ്ണത്തിന്റെ ഫലം വന്നപ്പോൾ 41 പേർ കോവിഡ് 19 പോസിറ്റീവ് ആണ്. ഈ പ്രദേശം അധികൃതർ ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ കെട്ടിടത്തിലെ 175 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിരുന്നു. അതേസമയം, ദില്ലിയിൽ ഇതുവരെ 3,738 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 61 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.