02 May, 2020 06:39:40 PM


ഞായറാഴ്ച പൂർണ അവധി: കടകൾ തുറക്കരുത്; ആളുകൾ പുറത്തിറങ്ങാൻ പാടില്ല



തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് പൂർണ അവധി ആയിരിക്കും. അന്നേദിവസം, കടകൾ തുറക്കാൻ പാടുള്ളതല്ല. ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അടുത്ത ഞായറാഴ്ച മുതൽ ഇത് കർശനമായി നടപ്പിൽ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


സുരക്ഷാ മാനദണ്ഡങ്ങൾ ഗ്രീൻ സോണിലും പാലിക്കണം. സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ
മാത്രമായിരിക്കും അനുവദിക്കുക. ടൂ വിലറിൽ ഒരാൾ മാത്രം. അത്യവശ്യകാര്യങ്ങൾക്കു പോകുന്നതിൽ കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ഇളവ് അനുവദിക്കും. ആൾക്കൂട്ടം പാടില്ലെന്നും സിനിമാ തിയറ്ററുകളും ആരാധനാലയങ്ങളും തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആൾക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം.


മദ്യ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കില്ല. ബാർബർ ഷോപ്പുകൾ തുറക്കാൻ പാടില്ല. എന്നാൽ, ബാർബർക്ക് വീടുകളിൽ പോയി സേവനം നൽകാവുന്നതാണ്. ബ്യൂട്ടി പാർലർ, മാളുകൾ എന്നിവയും തുറക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.


സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 80 കോവിഡ് ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലാണ്. 23 എണ്ണം. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട് സ്‌പോട്ടുകള്‍ വീതമുണ്ട്. പുതുതായി ഒരു സ്ഥലത്തെയും ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്നത് കണ്ണൂര്‍ ജില്ലയിലാണ്. 38 പേര്‍. ഇവിടെ ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ കാസർഗോഡ് സ്വദേശികളാണ്. ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട്ട് ചികിത്സയില്‍ കഴിയുന്നു. കോട്ടയത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേര്‍ വീതം ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


21 ദിവസമായി കോവിഡ് കേസുകള്‍ ഇല്ലാത്ത എറണാകുളം, വയനാട് ജില്ലകള്‍ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ പട്ടിക പ്രകാരം ഗ്രീന്‍ സോണിലാണ്. എന്നാല്‍, ഇന്നത്തെ പരിശോധനയില്‍ ഒരു പോസിറ്റീവ് കേസ് കണ്ടെത്തിയതിനാല്‍ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റി. 21 ദിവസമായി പുതിയ കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര മാനദണ്ഡ പ്രകാരമാണ് മാറ്റം. എറണാകുളം ജില്ല ഇന്നലെ തന്നെ ഗ്രീന്‍ സോണിലേക്കു മാറിയിരുന്നു. നിലവില്‍ കോവിഡ് 19 രോഗികള്‍ ചികിത്സയില്‍ ഇല്ലാത്ത ജില്ലകളാണ് ഇവ. കണ്ണൂര്‍ കോട്ടയം ജില്ലകള്‍ റെഡ് സോണില്‍ തുടരും.


ഗ്രീന്‍ സോണ്‍, റെഡ് സോണ്‍ വിഭാഗങ്ങളില്‍ പെടാത്ത ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകള്‍ ഓറഞ്ച് സോണിള്‍ ഉള്‍പ്പെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളില്‍ മാറ്റംവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K