01 May, 2020 10:59:32 PM
ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങിതുടങ്ങി; ആദ്യട്രയിന്‍ ആലുവയില്‍നിന്ന് പുറപ്പെട്ടു
കൊച്ചി: ലോക്ഡൗണിനെതുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുമായി ആദ്യട്രയിന്‍ ആലുവയില്‍നിന്ന് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആലുവയില്‍നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കായിരുന്നു ആദ്യ ട്രെയിന്‍ സര്‍വീസ്.
ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയില്‍ നിന്ന് തെരഞ്ഞെടുത്ത 1152 പേര്‍ക്കായിരുന്നു യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. ക്യാമ്പുകളിലെ രജിസ്‌ട്രേഷന്‍ പ്രകാരം തെരഞ്ഞെടുത്തവരെ കെഎസ്ആര്‍ടിസി ബസില്‍ സ്റ്റേഷനില്‍ എത്തിച്ച് പരിശോധനകള്‍ക്കു ശേഷമാണ് ട്രയിനില്‍ കയറ്റിയത്. ടിക്കറ്റ് ചാര്‍ജ് മാത്രമാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. ഭക്ഷണം ട്രയിനില്‍ ഒരുക്കിയിട്ടുണ്ട്. പൊലീസ്, റവന്യൂ വകുപ്പുകള്‍ ചേര്‍ന്നാണ് ആദ്യ ട്രെയിനില്‍ പുറപ്പെടാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്.
ഏകദേശം 360000 ഇതരസംസ്ഥാനതൊഴിലാളികളാണ് കേരളത്തിലെ 20826 ക്യാമ്പുകളിലായുള്ളത്. ഇവരുടെ നാടുകളിലേക്കുള്ള മടക്കയാത്രയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനെതുടര്‍ന്നാണ് ട്രയിന്‍ സര്‍വ്വീസ്. തെലുങ്കാനയില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍നിന്നുള്ള തൊഴിലാളികളെയും കൊണ്ട് പ്രത്യേക ട്രയിന്‍ ജാര്‍ഖ്ണ്ഡിലേക്കും പുറപ്പെട്ടു.
ടിക്കറ്റ് ബുക്കിങ് ഉണ്ടാകില്ലെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നുള്ളവര്‍ക്കായിരിക്കും യാത്ര ചെയ്യാനാകുക.. കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിനൊടുവിലാണ് തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.