01 May, 2020 09:34:47 PM
മൂന്നാം ഘട്ട ലോക് ഡൗൺ: പ്രധാന ഇളവുകൾ എന്തൊക്കെയെന്ന് അറിയാം
ദില്ലി: നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് കേന്ദ്രം അനുവദിച്ച ഇളവുകളുടെ വിശദാംശങ്ങൾ.
# അത്യാവശ്യകാര്യങ്ങൾക്കല്ലാതെ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പുറത്തിറങ്ങരുത്
# 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവർ,10 വയസ്സിന് താഴെയുള്ളവർ എന്നീ വിഭാഗക്കാർ ആശുപത്രി ആവശ്യങ്ങൾ പോലെയുള്ള അടിയന്തരകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. നിർദേശം എല്ലാ സോണുകൾക്കും ബാധകം.
# എല്ലാ സോണുകളിലും ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഒ.പി പ്രവർത്തിക്കാം. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. (ഹോട്ട്സ്പോട്ടുകളിൽ അനുമതി ഇല്ല)
# വ്യോമ-റെയിൽ-മെട്രോ ഗതാഗതം, അന്തർസംസ്ഥാന യാത്ര, സ്കൂൾ, കോളേജ്, പരിശീലന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സമ്മേളനങ്ങൾ ആരാധനാലയങ്ങളിലെ സംഘംചേരൽ എന്നിവയ്ക്ക് രാജ്യമൊട്ടാകെ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും.
# ചരക്ക് നീക്കങ്ങൾക്ക് അനുമതി, ഇതിന് പ്രത്യേക പാസ് കാണിക്കേണ്ട ആവശ്യമില്ല.
റെഡ് സോണുകൾക്കുള്ള നിയന്ത്രണങ്ങൾ/ ഇളവുകൾ
# റെഡ് സോണുകളിൽ സൈക്കിൾ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തർ ജില്ലാ ബസ് സർവീസ്, ബാർബർ ഷോപ്പുകൾ, സ്പാ സലൂൺ എന്നിവയ്ക്കുള്ള നിരോധനം തുടരും.
# അത്യാവശ്യകാര്യങ്ങൾക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമേ അനുമതി ഉള്ളൂ.
# റെഡ് സോണുകളിൽ അവശ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട വ്യവസായ ശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി.
# പ്രദേശത്തുള്ള തൊഴിലാളികളെ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാൻ അനുമതി ഇല്ല.
# നഗരപ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. മാളുകൾ, ഷോപ്പിങ് കോംപ്ലക്സ് എന്നിവയ്ക്ക് അനുമതി ഇല്ല.
# കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കാർഷിക പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി.
# ഗ്രാമപ്രദേശങ്ങളിലെ ഷോപ്പിങ് മാളുകൾക്കുൾപ്പെടെ എല്ലാ കടകൾക്കും പ്രവർത്തിക്കാം.
ഓറഞ്ച് സോണിലെ നിയന്ത്രണങ്ങൾ/ ഇളവുകൾ
# ഓറഞ്ച് സോണുകളിൽ ഉൾപ്പെട്ട ജില്ലകൾ തമ്മിൽ പ്രത്യേക കാര്യങ്ങൾക്കുള്ള ഗതാഗതത്തിന് അനുമതി.
# നാല് ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ പരമാവധി രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബൈക്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം.
# ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരനെ മാത്രം ഉൾക്കൊള്ളിച്ചുള്ള ടാക്സി, കാബ് സർവീസുകൾക്ക് അനുമതി.
ഗ്രീൻ സോൺ നിയന്ത്രണങ്ങൾ/ ഇളവുകൾ
# രാജ്യവ്യാപകമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാത്ത എല്ലാ കാര്യങ്ങൾക്കും സേവനങ്ങൾക്കും പ്രവർത്തനാനുമതി.
# 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് ജില്ലയ്ക്കുള്ളിൽ ബസ് സർവീസുകൾ നടത്താം.