01 May, 2020 07:59:50 PM
മദ്യശാലകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി; ബാറുകൾ അടഞ്ഞുകിടക്കും
ദില്ലി: രാജ്യത്തെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ ഉപാധികളോടെ മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയത്. കടയിൽ സാധനം വാങ്ങാനെത്തുന്ന ആളുകൾ തമ്മിൽ ആറടി അകലം വേണം. ഒരുസമയത്ത് അഞ്ചുപേരിൽ കൂടുതൽ ആളുകൾ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബാറുകൾ തുറക്കാൻ അനുമതിയില്ല.
ഗ്രീൻ സോണുകളിലെ മദ്യശാലകൾ തുറക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ശരാശരിക്ക് താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഓറഞ്ച് സോണുകളിലെ മദ്യശാലകൾ തുറക്കാനും അനുമതിയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ കോട്ടയവും കണ്ണൂരും ഒഴികെയുള്ള ജില്ലകളിലെ മദ്യശാലകൾ തുറന്നേക്കാം. പാൻ, ഗുഡ്ക, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.