30 April, 2020 09:16:18 PM
പ്രാദേശിക പത്രപ്രവർത്തകർക്ക് ആനുകൂല്യങ്ങൾ നൽകണം - മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറെ പ്രയത്നിക്കുന്ന പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും കോവിഡ് കാല ആനുകൂല്യവും നൽകാൻ സർക്കാർ അടിയന്തിരനടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അവശത അനുഭവിക്കുന്നവർക്കെല്ലാം സർക്കാർ ധനസഹായം നൽകുന്ന സാഹചര്യത്തിൽ പ്രാദേശികതലത്തിലുള്ള വാർത്തകൾ ജനങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന ഈ വിഭാഗത്തെ തഴഞ്ഞതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിരുന്നു.
പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർക്കും റവന്യു സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. നടപടിയെടുത്ത ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. ആനുകൂല്യം നൽകാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കേസ് ആലപ്പുഴ സിറ്റിംഗിൽ പരിഗണിക്കും. കോവിഡ് കാലത്ത് തങ്ങൾക്ക് 10 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്നതായി കേരള ജേർണലിസ്റ്റ് യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം സമർപ്പിച്ച പരാതിയിൽ പറയുന്നു.
നോട്ട് നിരോധിച്ച കാലത്ത് പത്രങ്ങൾക്ക് പരസ്യം കുറഞ്ഞപ്പോഴും തങ്ങൾ ഇന്ന് അനുഭവിക്കുന്ന അതേ പ്രതിസന്ധിയിലായിയിരുന്നുവെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. പല സ്ഥാപനങ്ങളും മാസങ്ങളായി ഇവര്‍ക്കുള്ള പ്രതിഫലം പോലു നല്‍കിയിട്ട്. മുഖ്യമന്ത്രി തങ്ങളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ അവശത അനുഭവിക്കുന്ന ജീവനക്കാർക്കെല്ലാം സർക്കാർ 1000 രൂപ നൽകിയപ്പോള്‍ തങ്ങൾക്ക് അത് നിഷേധിച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. പത്രങ്ങളിലെയും ചാനലുകളിലെയും പ്രാദേശിക പത്രപ്രവർത്തകർ അനുഭവിക്കുന്ന അവസ്ഥകള്‍ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.