30 April, 2020 11:09:27 AM


കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ടുകള്‍ ഉപയോഗിക്കാം



പത്തനംതിട്ട: കോവിഡ്-19  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും അണുനാശിനികള്‍ വാങ്ങുന്നതിനും ശുചിത്വമിഷന്‍ മുഖേന ലഭ്യമാക്കിയിട്ടുള്ള സ്വച്ഛ്ഭാരത്മിഷന്‍ ഗ്രാമീണ്‍/പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് ഗ്രാന്റ് എന്നിവയില്‍ നിന്നും ഗ്രാമപഞ്ചായത്തുകള്‍ക്ക്  25000 രൂപവരെ ചെലവഴിക്കാം.


നഗരസഭകളില്‍ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും തനതുഫണ്ട് ഉപയോഗിക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. നഗരസഭകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോപ്പ്, ഗ്ലൗസ്, ഗംബൂട്ട്, മാസ്‌ക്, മഴക്കോട്ട്, ബ്ലീച്ചിങ്പൗഡര്‍, ബുഷ്‌കട്ടര്‍, ലോഷന്‍ തുടങ്ങിയവ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍/ക്വട്ടേഷന്‍ ഒഴിവാക്കി വാങ്ങുന്നതിന് 25000 രൂപ വരെ തനതുഫണ്ടില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്.


ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ജോലിയെടുക്കുന്ന സജീവതൊഴിലാളികള്‍ക്ക് മാസ്‌ക്  ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ തനതു/ജനറല്‍ പര്‍പ്പസ് ഗ്രാന്റുകളില്‍ നിന്നും ഒരു ലക്ഷം രൂപ വരെ ചെലവഴിക്കാം. ഒരാളിന് രണ്ടെണ്ണം എന്ന കണക്കില്‍ തുണിയില്‍ നിര്‍മ്മിച്ച ഇരട്ടലയര്‍ ഫേസ്മാസ്‌കുകള്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കുകള്‍, ചെറുകിട സംരംഭക യൂണിറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K