28 April, 2020 03:17:35 PM


കോവിഡ് പ്രതിരോധം: കോട്ടയത്തും ഇടുക്കിയിലും മേൽനോട്ടത്തിന് 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ കൂടി



തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചുവപ്പു മേഖലയായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 


കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാറിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചിട്ടുണ്ട്. കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥിനെ കോട്ടയത്തും കെ എ പി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് വൈഭവ് സക്സേനയെ ഇടുക്കിയിലും സ്പെഷ്യല്‍ ഓഫീസര്‍മാരായി കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

കോവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ചിരുന്നകോട്ടയം ജില്ലയിൽ പെട്ടെന്നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഗ്രീൻ സോണിലായിരുന്ന ജില്ല ഇതിനെ തുടർന്ന് റെഡ് സോണിലേക്ക് ആവുകയും ചെയ്തു. പതിനേഴ് പേർക്കാണ് ജില്ലയിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലും പെട്ടെന്നാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. റെഡ് സോണിൽ ചേർക്കപ്പെട്ട ഇവിടെയും 17 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K