28 April, 2020 02:49:10 PM


സാലറി ചലഞ്ച്: ഉത്തരവിന് സ്റ്റേ; ശമ്പളം ജീവനക്കാരുടെ അവകാശമെന്ന് കോടതി



കൊച്ചി ∙ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം സാലറി ചലഞ്ച് എന്ന പേരില്‍ പിടിക്കാനുള്ള സർക്കാർ ഉത്തരവു ഹൈക്കോടതി സ്റ്റേ ചെയ്തു. ജീവനക്കാരും സംഘടനകളും സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.  6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനു നിയമത്തിന്‍റെ പിൻബലം പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 


 ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക കോവിഡ് ദുരന്ത നിവാരണത്തിനാണോ ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. തുക എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഉത്തരവിൽ അവ്യക്തതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉത്തരവിൽ പറയുന്നതു ശമ്പളം പിടിച്ചുവയ്ക്കാൻ കാരണമല്ലെന്നു കോടതി വ്യക്തമാക്കി. ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം‍. എന്നാല്‍, ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K