27 April, 2020 07:27:39 PM


ഗുരുതരവീഴ്ച: കോട്ടയത്ത് കോവിഡ് രോഗികളെ ഇനിയും ആശുപത്രിയിലേക്ക് മാറ്റിയില്ല



കോട്ടയം: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു രോഗികളുടെ കാര്യത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച. ഇവരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. മണര്‍കാട്, ചാന്നാനിക്കാട് സ്വദേശികള്‍ രോഗം സ്ഥിരീകരിച്ചശേഷവും വീട്ടില്‍ തുടരുകയാണ്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യത്തിന് ആംബുലന്‍സ് ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. പൊലീസ് വീടുകള്‍ക്കടുത്ത് പരിശോധന നടത്തി മടങ്ങി. മണര്‍കാട് രോഗം ബാധിച്ചയാള്‍ പലതവണ ക്വാറന്റീന്‍ ലംഘിച്ചതായാണ് വിവരം.


ഇന്നലെയാണ് ഇവരുടെ സാമ്പിള്‍ ശേഖരിച്ചത്. പോസിറ്റീവ് ആണെന്ന് വിളിച്ചറിയിച്ചുവെങ്കിലും ആംബുലന്‍സ് ഇതേവരെ എത്തിയില്ല. ഉടന്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കാലതാമസം നേരിട്ടത് സ്വാഭാവികമെന്നും ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇന്ന് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി കോവി‍ഡ് രോഗികളുടെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിന് മുമ്പ് തന്നെ ഫലം ലഭിച്ചിട്ടും ഇതുവരെ രണ്ട് രോഗികളും വീട്ടില്‍ തുടരുന്നതില്‍ പരക്കെ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.


കോട്ടയത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം– കോട്ടയം ജില്ലാ അതിര്‍ത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ  ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയം ജില്ലയിൽ കോവിഡ് 19 രോഗികളുടെയും ഹോട്സ്പോട്ടുകളുടെയും എണ്ണം വർധിക്കുകയും രോഗ ഉറവിടങ്ങൾ വ്യക്തമാകാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്നാണ് വ്യക്തമാക്കുന്നത്.


കോട്ടയം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍


1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.

2. കുഴിമറ്റം സ്വദേശിനി (56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ  ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.

3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.

4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി (46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.   

5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി (28). മേലുകാവുമറ്റം സ്വദേശിനി. 

6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍ (40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K