26 April, 2020 06:37:29 PM
സംസ്ഥാനത്ത് 3 പുതിയ ഹോട്ട്സ്പോട്ടുകള്‍: കോവിഡ് പരിശോധന രോഗലക്ഷണമില്ലാവരിലേക്കും
തിരുവനന്തപുരം: കേവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണർകാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി വര്‍ദ്ധിച്ചു.
അതേസമയം, കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ ജില്ലാ കലക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സർക്കാർ ലഭ്യമാക്കും. ഇപ്പോൾ ക്വറന്‍റൈനിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണം. കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഹോട്ട്സ്പോട്ട് ആയ മേഖലകളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തുന്നു എന്ന് ഉറപ്പാക്കണം. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ നാട്ടിലേക്ക് വരാൻ ധാരാളമായി അപേക്ഷിക്കുന്നുണ്ട്. എന്നാൽ തീരുമാനമെടുക്കുമ്പോൾ പ്രായോഗിക സമീപനം വേണം. അനുവദിക്കാൻ കഴിയാത്ത കേസുകൾ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിർത്തി ജില്ലകളിൽ പുതിയ കേസുകൾ വരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കണം. പോലീസും ആരോഗ്യവകുപ്പും യോജിച്ച് ഇക്കാര്യങ്ങൾ ചെയ്യണം. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകൾ വരുന്നതു തടയാൻ വനം വകുപ്പിന്റെ സഹകരണത്തോടെ പോലീസ് നടപടി സ്വീകരിക്കണം.
ലോക്ഡൗൺ ജനങ്ങൾക്ക് വിവരണാതീതമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഒരുപാട് ഇളവുകൾ നൽകാനാവില്ല. ഉദ്യോഗസ്ഥർ ഉറച്ചനിലപാട് എടുക്കണം. എന്നാൽ ജനങ്ങളോടുള്ള സമീപനം സൗഹാർദപരവും സഹാനുഭൂതിയുള്ളതുമാകണം. റമദാൻ കാലമാണെങ്കിലും പള്ളികളിൽ കൂട്ട പ്രാർത്ഥനയോ ആളുകൾ കൂടുന്ന ചടങ്ങോ ഉണ്ടാകില്ലെന്ന് എല്ലാ മതസംഘടനകളും മതനേതാക്കളും ഉറപ്പുനൽകിയിട്ടുണ്ട്. അതു നടപ്പായിട്ടുമുണ്ട്. എന്നാൽ താഴെതട്ടിൽ ചില പള്ളികളിൽ ആൾക്കൂട്ടമുണ്ടാകുന്നതായി റിപ്പോർട്ടുണ്ട്. അതൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണം.
വ്യാജമദ്യം തടയാൻ കർശന നടപടി വേണം. അത്യാവശ്യ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. കൃഷിസംബന്ധമായ ജോലികൾ തടസ്സമില്ലാതെ നടക്കണം. പച്ചക്കറിപോലെ കേടുവന്നു പോകുന്ന സാധനങ്ങൾ എത്രയും വേഗം ശേഖരിച്ച് വിപണികളിൽ എത്തിക്കണം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശേഖരിച്ച കശുവണ്ടി ഫാക്ടറികളിലെത്തിക്കാൻ സൗകര്യമുണ്ടാക്കണം.
ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ ഭരണസംവിധാനങ്ങളും ശ്രദ്ധിക്കണം. മൊത്തവ്യാപാരികളുമായി ഇക്കാര്യത്തിൽ ബന്ധപ്പെടണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുവാഹനങ്ങൾ കൊണ്ടുവരുന്ന ഡ്രൈവർമാരെയും ക്ലീനർമാരെയും കൃത്യമായി നിരീക്ഷിക്കണം. അവരിലൂടെ രോഗം പടരുന്ന സ്ഥിതി ഉണ്ടാകരുത്. ഡ്രൈവർമാർക്ക് താമസ സൗകര്യം നൽകണം. അവരെ ചുറ്റിക്കറങ്ങാൻ അനുവദിക്കരുത്. മഴക്കാല പൂർവ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കണം. നദികളിലും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ കാലവർഷം മുന്നിൽകണ്ട് നീക്കണം.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോൾ കേന്ദ്രസർക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോൾ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നിൽ കണ്ടുള്ള നടപടികൾ വേണം. എയർപോർട്ടിൽ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയർപോർട്ടിനടുത്തു തന്നെ ക്വാറൻറൈൻ സൗകര്യം ഉണ്ടാകണം. എല്ലാവർക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറൻറൈനിലുള്ളവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാര്യമായി ഇടപെടണം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശൂരിൽ മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.